ദുബായ്- ദുബായില്‍ ലൈസന്‍സില്ലാതെ 33 നഴ്സറികള്‍ നടത്തിവന്ന 34 പേരെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. ഇക്കൂട്ടത്തില്‍ ചില നഴ്സറികള്‍ താമസ കെട്ടിടങ്ങള്‍ക്കുള്ളിലാണ് പ്രവര്‍ത്തിച്ചിരുന്നത്. അടിസ്ഥാനപരമായ ശുചിത്വ-സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഇത്തരം കേന്ദ്രങ്ങള്‍, കുട്ടികളെ അവഗണനക്കും ദുരുപയോഗത്തിനും വിധേയരാക്കുന്ന സാഹചര്യത്തിലേക്ക് തള്ളിവിടുകയായിരുന്നു. കുട്ടികളെ പരിപാലിക്കാനായി രൂപകല്‍പ്പന ചെയ്തതോ അതിനുവേണ്ട സൗകര്യങ്ങളുള്ളതോ അല്ലാത്ത സ്ഥലങ്ങളിലാണ് അനധികൃത നഴ്സറികള്‍ പ്രവര്‍ത്തിച്ചിരുന്നത്.
ലൈസന്‍സുള്ള നഴ്സറികളിലെ ഫീസ് നല്കാന് കഴിയാത്ത കുടുംബങ്ങളെ ലക്ഷ്യമിട്ട്, താമസസ്ഥലങ്ങള്‍ ഉപയോഗപ്പെടുത്തി കുറഞ്ഞ നിരക്കില്‍ സേവനങ്ങള്‍ നല്‍കുകയായിരുന്നു ഇവര്‍. കുട്ടികളുടെ സംരക്ഷണത്തിനായി ഏര്‍പ്പെടുത്തിയിട്ടുള്ള ലൈസന്‍സിംഗ് വ്യവസ്ഥകളും നിയന്ത്രണങ്ങളും പാലിക്കാതെ, കുറഞ്ഞ നിരക്കില്‍ കുട്ടികളെ പരിപാലിക്കാമെന്ന് പരസ്യം ചെയ്താണ് സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബങ്ങളെ ഇവര്‍ ആകര്‍ഷിച്ചത്. ദു
ബായ് മുനിസിപ്പാലിറ്റി, കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി, ദുബായ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇക്കണോമി ആന്റ് ടൂറിസം എന്നിവയുമായി സഹകരിച്ച് ദുബായ് പോലീസ് നടത്തിയ പരിശോധനകള്‍ക്കും അന്വേഷണങ്ങള്‍ക്കും ഒടുവിലാണ് അറസ്റ്റുകള്‍ നടന്നത്. ലൈസന്‍സില്ലാത്ത ശിശുപരിപാലന കേന്ദ്രങ്ങള്‍ക്കെതിരെ നടപടിയെടുക്കുക, കുട്ടികളുടെ സംരക്ഷണം ശക്തമാക്കുക, അപകടസാധ്യതകളും കുറ്റകൃത്യങ്ങളും തടയുക എന്നിവയായിരുന്നു ഈ സംയുക്ത പരിശോധനാ ദൗത്യത്തിന്റെ ലക്ഷ്യം.
എമിറേറ്റിലെ വിവിധ ഭാഗങ്ങളില്‍ നഴ്സറികള്‍ പ്രവര്‍ത്തിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന്, അന്വേഷണ സംഘങ്ങള്‍ നടത്തിയ പരിശോധനയിലാണ് ഈ അനധികൃത കേന്ദ്രങ്ങള്‍ കണ്ടെത്തിയത്. സ്ഥലങ്ങള്‍ തിരിച്ചറിഞ്ഞ് നിരീക്ഷണത്തിലാക്കിയ ശേഷം, ബന്ധപ്പെട്ട അധികൃതരുമായി ചേര്‍ന്ന് നടത്തിയ റെയ്ഡിലൂടെയാണ് 34 പേരെ പിടികൂടിയത്.
ഇത്തരം കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്ന അപകടങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്കിയ ദുബായ് പോലീസ്, ശുചിത്വമില്ലാത്തതും മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാത്തതുമായ, കുട്ടികളെ പരിപാലിക്കാന്‍ അനുയോജ്യമല്ലാത്ത സ്ഥലങ്ങളിലാണ് ഇവ പ്രവര്‍ത്തിച്ചിരുന്നതെന്ന് വ്യക്തമാക്കി.
കുറഞ്ഞ നിരക്കില്‍ ശിശുപരിപാലനം വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങളില്‍ വീഴരുതെന്നും, കുറഞ്ഞ ഫീസ് മാത്രം നോക്കി കുട്ടികളെ ഇത്തരം കേന്ദ്രങ്ങളില്‍ ചേര്‍ക്കരുതെന്നും രക്ഷിതാക്കളോട് ദുബായ് പോലീസ് അഭ്യര്‍ഥിച്ചു. കുട്ടികളെ നഴ്സറികളില്‍ ചേര്‍ക്കുന്നതിന് മുന്‍പ്, ആ സ്ഥാപനത്തിന് ഔദ്യോഗിക ലൈസന്‍സ് ഉണ്ടോ എന്ന് ഉറപ്പുവരുത്തണം. കുറഞ്ഞ ചെലവില്‍ സേവനം ലഭിക്കുന്നു എന്നതിന്, കുട്ടികളുടെ ആരോഗ്യം, സുരക്ഷ, ഭദ്രത എന്നിവയേക്കാള്‍ മുന്‍ഗണന നല്കാന് പാടില്ലെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.
ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന നഴ്സറികളെ കുറിച്ചും സംശയാസ്പദമായ പ്രവര്‍ത്തനങ്ങളെ കുറിച്ചും വിവരം നല്‍കിക്കൊണ്ട്, അനധികൃത ശിശുപരിപാലന കേന്ദ്രങ്ങളെ കണ്ടെത്തുന്നതില്‍ അധികൃതരെ സഹായിക്കാന്‍ സമൂഹത്തിലെ അംഗങ്ങളോട് പോലീസ് അഭ്യര്‍ഥിച്ചു. ദുബായ് പോലീസിന്റെ 901 എന്ന നമ്പറിലെ കോള്‍ സെന്റര്‍ വഴിയും പോലീസിന്റെ വെബ്സൈറ്റും സ്മാര്‍ട്ട് ആപ്ലിക്കേഷനും വഴിയും ഇതുസംബന്ധിച്ച വിവരങ്ങള്‍ അറിയിക്കാവുന്നതാണ്.



