വാഷിങ്ടൺ– മധ്യേഷ്യയിലെ യു.എസ് വ്യോമതാവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളിൽ കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമുണ്ടായതായി അസോസിയേറ്റഡ് പ്രസ് (എ.പി) റിപ്പോർട്ട് ചെയ്തു. മേഖലയിലെ രണ്ടു ഡസനിലധികം യു.എസ് താവളങ്ങളിലാണ് ഇറാൻ ആക്രമണം നടത്തിയത്.
മുന്നറിയിപ്പ് നൽകുന്ന ഏർലി വാണിംഗ് സിസ്റ്റങ്ങൾ, റഡാറുകൾ, വിമാനങ്ങൾ, ഹാംഗറുകൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു ആദ്യഘട്ട ആക്രമണങ്ങൾ. കുവൈത്തിലെ ക്യാമ്പ് ബ്യൂറിങ്, അലി അൽസാലിം വ്യോമതാവളം എന്നിവടങ്ങളിലും സൗദി അറേബ്യ, ബഹ്റൈൻ, ഖത്തർ, ജോർദാൻ തുടങ്ങിയ രാജ്യങ്ങളിലെ യു.എസ് കേന്ദ്രങ്ങളിലും കനത്ത നാശനഷ്ടമുണ്ടായിട്ടുണ്ട്. കുവൈത്തിൽ നടന്ന ഡ്രോൺ ആക്രമണത്തിൽ ആറ് യു.എസ് സൈനികർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
പകരം പുതിയ റഡാറുകളും ഉപകരണങ്ങളും സ്ഥാപിക്കുന്നത് അതീവ ചെലവേറിയതാണെന്നും, ആക്രമണങ്ങളെ തുടർന്ന് അമേരിക്ക തങ്ങളുടെ പല ആസ്തികളും ഗൾഫ് മേഖലയിൽ നിന്ന് മാറ്റിയതായും ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ മേഖലയിലെ യു.എസ് പ്രതിരോധ സംവിധാനങ്ങൾ വലിയ പ്രതിസന്ധിയിലാണ്.



