കുവൈത്ത് സിറ്റി- മുത്ലഅ് ഏരിയയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ കാവല്‍ക്കാരനെ കൊലപ്പെടുത്തിയ ബംഗ്ലാദേശുകാരനെ സംഭവം റിപ്പോര്‍ട്ട് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ പോലീസ് അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒക്ടോബര്‍ 30 വെള്ളിയാഴ്ച രാവിലെ, കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ കാവല്‍ക്കാരന്റെ മൃതദേഹം കണ്ടെത്തിയതായി സുരക്ഷാ വിഭാഗത്തിന് വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു.
ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ്, ജഹ്റ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം, പബ്ലിക് സെക്യൂരിറ്റി വിഭാഗം എന്നീ വകുപ്പുകള്‍ സംയുക്തമായി നടത്തിയ അന്വേഷണത്തിനൊടുവില്‍, കെട്ടിത്തില്‍ മുമ്പ് ജോലി ചെയ്തിരുന്ന കാവല്‍ക്കാരനിലേക്ക് സംശയം നീണ്ടു. മൃതദേഹം കണ്ടെത്തുന്നതിന് ഒരു ദിവസം മുമ്പാണ് ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നത്.
തന്റെ വിസയുടെ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് പുറപ്പെടുവിച്ച അറസ്റ്റ് വാറന്റിന്റെ അടിസ്ഥാനത്തില്‍, ഷര്‍ഖ് പോലീസ് സ്റ്റേഷനില്‍ ഇയാള്‍ സ്വയം കീഴടങ്ങുകയായിരുന്നു. കൊലപാതകവുമായി തനിക്കുള്ള ബന്ധം പുറത്തറിയുന്നതിന് മുമ്പ്, നാടുകടത്തപ്പെടാനുള്ള ശ്രമമായിരുന്നു ഇതിന് പിന്നിലെന്ന് മന്ത്രാലയം വ്യക്തമാക്കി. ചോദ്യം ചെയ്യലില്‍, തനിക്ക് പകരം ജോലിയില്‍ പ്രവേശിച്ച വ്യക്തിയുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് പ്രതി സമ്മതിച്ചു. ഒരു മരക്കഷ്ണവും കത്തിയും ഉപയോഗിച്ചാണ് പുതിയ ജോലിക്കാരനെ ആക്രമിച്ചതെന്നും പ്രതി കുറ്റസമ്മതം നടത്തി. തുടര്‍നടപടികള്‍ക്കായി പ്രതിയെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



