തെഹ്റാൻ/ന്യൂഡൽഹി– ഹോർമുസ് കടലിടുക്കിന് കിഴക്ക് ഭാഗത്ത് മൈനുകളിൽ ഇടിച്ചതിനെ തുടർന്ന് എണ്ണക്കപ്പലിന് തീപിടിച്ചതായി ഇറാൻ നാവികസേന അറിയിച്ചു. നിരോധിതവും സുരക്ഷിതമല്ലാത്തതുമായ മേഖലയിലൂടെ മുന്നറിയിപ്പുകൾ അവഗണിച്ച് സഞ്ചരിച്ചതിനാലാണ് കപ്പൽ അപകടത്തിൽപ്പെട്ടതെന്ന് ഇറാൻ സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ ഐ.ആർ.ഐ.ബി റിപ്പോർട്ട് ചെയ്തു. അപകടത്തിൽപ്പെട്ട കപ്പലിനെക്കുറിച്ചോ സംഭവിച്ച നാശനഷ്ടങ്ങളെക്കുറിച്ചോ ജീവനക്കാരുടെ വിവരങ്ങളെക്കുറിച്ചോ ഉള്ള ഔദ്യോഗിക സ്ഥിരീകരണം ഇറാൻ നാവികസേന പുറത്തുവിട്ടിട്ടില്ല.
അതേസമയം, അറബിക്കടലിൽ ആക്രമണത്തിന് വിധേയമായ ‘എം.ടി അൽമായിദ’ എന്ന എൽ.എൻ.ജി ടാങ്കറിലുണ്ടായിരുന്ന ആറ് ഇന്ത്യൻ നാവികരും പൂർണ്ണ സുരക്ഷിതരാണെന്ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ അറിയിച്ചു. കപ്പലിലുണ്ടായിരുന്ന 25 ജീവനക്കാരും സുരക്ഷിതരാണെന്ന് അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കി.
സ്ഥിതിഗതികൾ കേന്ദ്ര സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും നാവികരുടെ സുരക്ഷ ഉറപ്പാക്കാൻ കപ്പൽ മാനേജ്മെന്റ് കമ്പനിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.



