വാഷിംഗ്ടൺ- ഇറാനെതിരെയുള്ള സൈനിക നടപടികൾക്ക് തിരക്കുകൂട്ടരുതെന്നും നയതന്ത്ര ചർച്ചകൾക്ക് കൂടുതൽ സമയം അനുവദിക്കണമെന്നും സൗദി അറേബ്യ അമേരിക്കയോട് ആവശ്യപ്പെട്ടു. അമേരിക്കൻ വാർത്താ വെബ്സൈറ്റായ ‘ആക്സിയോസ്’ ആണ് യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഈ കാര്യം റിപ്പോർട്ട് ചെയ്തത്.
നവംബർ 3ന് നടക്കുന്ന യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷം തങ്ങൾക്കെതിരെ അമേരിക്കയുടെയും ഇസ്രായേലിന്റെയും ഭാഗത്തുനിന്ന് ശക്തമായ ആക്രമണമുണ്ടാകുമെന്ന് ഇറാൻ ആശങ്കപ്പെടുന്നതായി സൗദി സംഘം വൈറ്റ് ഹൗസിനെ അറിയിച്ചു. തെഹ്റാൻ സന്ദർശിച്ച സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് ഈ വിവരം യു.എസിനെ ധരിപ്പിച്ചത്.
തെരഞ്ഞെടുപ്പിന് മുമ്പ് അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾ പുനരുജ്ജീവിപ്പിക്കാൻ ഖത്തറിന്റെ നേതൃത്വത്തിൽ വലിയ മധ്യസ്ഥ ശ്രമങ്ങൾ നടക്കുന്നുണ്ട്. സൗദി അറേബ്യ, പാകിസ്ഥാൻ, ഈജിപ്ത്, തുർക്കി എന്നീ രാജ്യങ്ങളുടെ പിന്തുണയോടെയാണ് ഈ നീക്കം.
ഇറാനുമേലുള്ള ചില യു.എസ് ഉപരോധങ്ങൾ ലഘൂകരിക്കുന്നതിന് പകരമായി, ബോംബാക്രമണം നടന്ന ഇറാൻ ആണവ കേന്ദ്രങ്ങൾ സന്ദർശിക്കാൻ യു.എൻ പരിശോധകർക്ക് അനുമതി നൽകുക എന്നതാണ് മധ്യസ്ഥർ മുന്നോട്ടുവെക്കുന്ന പ്രധാന നിർദ്ദേശം. നയതന്ത്ര ശ്രമങ്ങൾ പരാജയപ്പെട്ടാൽ ഇറാന്റെ ഊർജ സൗകര്യങ്ങൾ, ആണവ കേന്ദ്രങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ലക്ഷ്യമിട്ട് ഒരാഴ്ച നീളുന്ന ശക്തമായ ആക്രമണത്തിന് വഴിയൊരുങ്ങുമെന്ന് മധ്യസ്ഥർ ഇറാനെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
തടസ്സമായി പ്രധാന നിബന്ധനകൾ
കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം ഇറാൻ പൂർണ്ണമായും ഉപേക്ഷിക്കണമെന്നാണ് അമേരിക്കയുടെ പ്രധാന ആവശ്യം. എന്നാൽ, യു.എസ് നാവിക ഉപരോധം പിൻവലിക്കുകയും മരവിപ്പിച്ച ആസ്തികൾ വിട്ടുകൊടുക്കുകയും ചെയ്ത ശേഷം മാത്രമേ മറ്റ് കാര്യങ്ങളിൽ തീരുമാനമാകൂ എന്ന നിലപാടിലാണ് ഇറാൻ.
പരോക്ഷ ചർച്ചകൾ പുരോഗമിക്കുന്നുണ്ടെങ്കിലും അവയുടെ വിജയസാധ്യതയിൽ സംശയമുണ്ടെന്ന് ട്രംപ് ആക്സിയോസിനോട് പ്രതികരിച്ചു. കരാറിലൂടെയോ അതല്ലെങ്കിൽ മറ്റു മാർഗ്ഗങ്ങളിലൂടെയോ ലക്ഷ്യം പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കരാറിലെത്തിയില്ലെങ്കിൽ ഇടക്കാല തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ഇറാനെതിരെ പുതിയ യു.എസ് സൈനിക ആക്രമണത്തിന് സാധ്യതയേറെയാണെന്നാണ് ആക്സിയോസ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.



