മോസ്കോ– ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയും മോസ്കോയിൽ വെച്ച് കൂടിക്കാഴ്ച നടത്തി. ഗ്യാസ് എക്സ്പോർട്ടിംഗ് കൺട്രീസ് ഫോറം ഉച്ചകോടിക്കിടെയാണ് ഇരുനേതാക്കളും ചർച്ച നടത്തിയത്.
ഇറാനും ഖത്തറും തമ്മിലുള്ള നിലവിലെ ബന്ധം ഇരുനേതാക്കളും വിലയിരുത്തി. രാഷ്ട്രീയ, സാമ്പത്തിക ബന്ധങ്ങൾ കൂടുതൽ വ്യാപിപ്പിക്കേണ്ടതിന്റെയും ഉഭയകക്ഷി സഹകരണം ശക്തമാക്കുന്നതിന് നിലവിലുള്ള സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തേണ്ടതിന്റെയും പ്രാധാന്യം ചർച്ചയിൽ ഇരുപക്ഷവും ഊന്നിപ്പറഞ്ഞു.
President @drpezeshkian met Qatar’s Emir @TamimBinHamad on the sidelines of the 8th Gas Exporting Countries Forum Summit in Russia. They discussed strengthening bilateral ties and expanding cooperation in energy, trade and economic affairs. https://t.co/QtIPMyf68y
— Government of the Islamic Republic of Iran (@Iran_GOV) October 27, 2026
മേഖലയിൽ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള മധ്യസ്ഥ ശ്രമങ്ങളിൽ കഴിഞ്ഞ മാസങ്ങളിൽ ഖത്തർ സജീവമായി പങ്കാളിയായിരുന്നു. അതേസമയം, ഫെബ്രുവരി 28-ന് ഇറാനുനേരെ അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണങ്ങളെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട മിഡിൽ ഈസ്റ്റ് യുദ്ധത്തെ കുറിച്ചോ, അതിനു തിരിച്ചടിയായി ഖത്തർ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളിൽ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ കുറിച്ചോ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതായി വിവരങ്ങളൊന്നുമില്ല.
റഷ്യൻ സന്ദർശനത്തിന്റെ ഭാഗമായി ചൊവ്വാഴ്ച വൈകുന്നേരം റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ കൂടിക്കാഴ്ച നടത്തും.



