ന്യൂദൽഹി-1940 കളിലെ മുസ്ലിം ലീഗ് അല്ല ഇപ്പോഴുള്ളതെന്നും തികഞ്ഞ മതേതര സമീപനമാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പുലർത്തുന്നതെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ. ദി ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് അഡ സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ നാലോ അഞ്ചോ പതിറ്റാണ്ടുകളായി മുസ്ലി ലീഗ് യു.ഡി.എഫിന്റെ സഖ്യകക്ഷിയാണ്. തിരഞ്ഞെടുപ്പിന്റെ നിർണായക ഘട്ടത്തിൽ ഞാൻ കേരളത്തിലെ ജനങ്ങളോട് ഒരു ചോദ്യം ചോദിച്ചിരുന്നു. കേരളത്തിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദുർബലമായാൽ, അല്ലെങ്കിൽ അവർ ഇല്ലാതായാൽ, അവരുടെ രാഷ്ട്രീയ ഇടം ആര് ഏറ്റെടുക്കും എന്നതായിരുന്നു ആ ചോദ്യം. ആ ഇടം തീവ്രവാദ സ്വഭാവമുള്ള സംഘടനകൾ ഏറ്റെടുക്കും. അത്തരം തീവ്രവാദ സംഘടനകളെ തടയുന്നതിൽ മുസ്‌ലിം ലീഗ് പങ്കുവഹിക്കുന്നുണ്ട്. കാരണം, അവർ മതേതര നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. മുസ്‌ലിം ലീഗിന്റെ എല്ലാ സ്ഥാനാർഥികൾക്കും വലിയ തോതിൽ ഹിന്ദു വോട്ടുകളും ക്രിസ്ത്യൻ വോട്ടുകളും ലഭിച്ചിട്ടുണ്ടെന്നും സതീശൻ വ്യക്തമാക്കി.
ഏതെങ്കിലും പാർട്ടിയോ മുന്നണിയോ സർക്കാരിൽ ഒരു തരത്തിലുള്ള സമ്മർദ്ദവും ചെലുത്തുന്നില്ല. തീരുമാനങ്ങളോട് എല്ലാ സഖ്യകക്ഷികളും യോജിക്കുന്നുണ്ട്. ഞങ്ങൾ ഒരുമിച്ചാണ് തീരുമാനങ്ങൾ എടുക്കുന്നത്. യുഡിഎഫ് യോഗങ്ങളിലും ഞങ്ങളുടെ മന്ത്രിസഭയിലും എന്താണ് നടക്കുന്നതെന്നും നിങ്ങൾ ശ്രദ്ധിക്കണം. എല്ലാ വിഷയങ്ങളും ഞങ്ങൾ ചർച്ച ചെയ്യും. അതിനുശേഷമാണ് തീരുമാനമെടുക്കുന്നത്. ആ തീരുമാനവുമായി ഞങ്ങൾ മുന്നോട്ടുപോകും- സതീശൻ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിൽ ഞങ്ങൾ ഉറച്ച മതേതര നിലപാടാണ് സ്വീകരിച്ചത്. അതിൽ യാതൊരു വിട്ടുവീഴ്ചയുമില്ല. ഭൂരിപക്ഷ സമുദായത്തിലെ ഒരു നേതാവ് വിദ്വേഷപ്രചാരണം നടത്തിയപ്പോൾ, ഏറ്റവും നിർണായകമായ സമയത്ത് ഞാൻ അതിനെ ശക്തമായി എതിർത്തു. നിങ്ങളുടെ കൈവശമുള്ള വോട്ട് ഉപയോഗിച്ച് ഞങ്ങളെ സമ്മർദ്ദത്തിലാക്കാമെന്നാണ് വിചാരിക്കുന്നതെങ്കിൽ ആ വോട്ട് അവരുടെ പോക്കറ്റിൽ തന്നെ വെക്കാനാണ് പറഞ്ഞത്.
കേരളം വ്യത്യസ്തമാണ്. കേരളം മതേതരമാണ്. കേരളത്തിന്റെ മതേതര സ്വഭാവത്തിൽ എനിക്ക് വലിയ ആത്മവിശ്വാസമുണ്ടായിരുന്നു. എന്റെ മണ്ഡലത്തിൽ ഭൂരിപക്ഷ സമുദായത്തിലെ ഒരു നേതാവിനെ ഞാൻ എതിർത്തപ്പോൾ, ആ സമുദായത്തിന് 52 ശതമാനം വോട്ടുകളുണ്ടായിരുന്നു. അവർ വർഗീയമായി ചിന്തിച്ചിരുന്നെങ്കിൽ, 25,000 അല്ലെങ്കിൽ 30,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എന്നെ തോൽപ്പിക്കാൻ കഴിയുമായിരുന്നു. എന്നാൽ അവർ അങ്ങനെ ചെയ്തില്ല. അവർ എനിക്ക് വോട്ട് ചെയ്തു. അവർ മതേതര നിലപാടുള്ളവരാണ്. അതാണ് വ്യത്യാസം.
ചില മണ്ഡലങ്ങളിൽ നമ്മുടെ സ്ഥാനാർഥികൾ ഉൾപ്പെടുന്ന സമുദായത്തിന് അഞ്ച് ശതമാനത്തിൽ താഴെയോ പത്ത് ശതമാനത്തിൽ താഴെയോ മാത്രമാണ് ജനസംഖ്യയുള്ളത്. അവിടെ ഭൂരിപക്ഷ സമുദായത്തിൽപ്പെട്ട സ്ഥാനാർഥിയാണ് എതിരാളിയായി മത്സരിച്ചത്. എന്നിട്ടും നമ്മുടെ സ്ഥാനാർഥികൾ വിജയിച്ചു. കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ നിങ്ങൾ വിശദമായി പഠിക്കണം. അത് രാജ്യത്തിന് മാതൃകയാകാവുന്നതാണ്. കേരളം എക്കാലത്തും തികഞ്ഞ മതേതര സംസ്ഥാനമാണെന്നും സതീശൻ പറഞ്ഞു.



