അബഹ– അസീർ പ്രവിശ്യയിലെ മജാരിദയിൽ സ്കൂളിൽ നിന്നുള്ള വിനോദയാത്രയ്ക്കിടെയുണ്ടായ ഇടിമിന്നലിൽപ്പെട്ട് മലയാളി അല്ലാത്ത വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മജാരിദ ജാബിർ ബിൻ ഹയ്യാൻ സെക്കൻഡറി സ്കൂളിലെ മൂന്നാം വർഷ സി-ഡിവിഷൻ വിദ്യാർത്ഥിയായ ഹാനിയാണ് മരിച്ചത്. അപകടത്തിൽ മറ്റൊരു സഹപാഠിക്ക് പരിക്കേറ്റു.
സ്കൂളിൽ നിന്ന് മരുഭൂമിയിലേക്ക് സംഘടിപ്പിച്ച വിനോദയാത്രയ്ക്കിടെ ഖമീസ് ഹർബ് മർകസിലെ മണൽപ്രദേശത്താണ് ദുരന്തമുണ്ടായത്. യാത്രാമധ്യേ സംഘം സഞ്ചരിച്ചിരുന്ന വാഹനം മണലിൽ കുടുങ്ങുകയായിരുന്നു. വാഹനം പുറത്തെടുക്കാനായി വിദ്യാർത്ഥികൾ പുറത്തിറങ്ങിയ സമയത്താണ് അപ്രതീക്ഷിതമായി ശക്തമായ ഇടിമിന്നലുണ്ടായത്. ആകാശം മൂടിക്കെട്ടിയ നിലയിലായിരുന്നെങ്കിലും മഴയുണ്ടായിരുന്നില്ലെന്ന് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട സഹപാഠി പറഞ്ഞു.
ഇടിമിന്നലിന്റെ ആഘാതത്തിൽ ഒപ്പമുണ്ടായിരുന്ന വിദ്യാർത്ഥികൾക്കെല്ലാം കുറച്ചുസമയത്തേക്ക് ബോധം നഷ്ടപ്പെട്ടു. ബോധം വീണ്ടെടുത്ത് നോക്കിയപ്പോഴാണ് ഹാനിയും മറ്റൊരു സഹപാഠിയും അനക്കമില്ലാതെ കിടക്കുന്നത് കണ്ടതെന്ന് സാക്ഷിയായ വിദ്യാർത്ഥി വ്യക്തമാക്കി. അപകടസ്ഥലത്ത് മൊബൈൽ ഫോൺ നെറ്റ്വർക്ക് ലഭ്യമാകാതിരുന്നതിനെ തുടർന്ന് സമീപവാസികളെ വിവരമറിയിക്കുകയായിരുന്നു.
നാട്ടുകാർ ഓടിയെത്തി ഇരുവരെയും ഉടൻ തന്നെ അടുത്തുള്ള ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും ഹാനിയുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ രണ്ടാമത്തെ വിദ്യാർത്ഥിയുടെ കണ്ണിനടക്കം പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പൽ ഡോ. സഅദ് ഗാസിയും അധ്യാപകരും അനുശോചനം രേഖപ്പെടുത്തുകയും മരിച്ച വിദ്യാർത്ഥിയുടെ കുടുംബത്തെ ആശ്വസിപ്പിക്കുകയും ചെയ്തു.







