മംഗളൂരു- പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പള്ളി വികാരി അറസ്റ്റിൽ. മംഗളൂരുവിലെ വലൻസിയ പള്ളി വികാരി ഫാ. സിപ്രിയൻ പിന്റോയെയാണ് മംഗളൂരു സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. പള്ളിയിൽ പ്രാർത്ഥനക്കെത്തിയിരുന്ന പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ഫാ. സിപ്രിയൻ പിന്റോക്കെതിരെ പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
പ്രാർത്ഥനക്കായി പതിവായി പള്ളിയിലെത്തിയിരുന്ന കുട്ടിയെ സ്വാധീനിച്ച് വശത്താക്കിയ പുരോഹിതൻ, സ്വകാര്യ പ്രാർത്ഥനാ മുറിയിലേക്കും തന്റെ കിടപ്പുമുറിയിലേക്കും വിളിച്ചുവരുത്തി നിരന്തരം പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്ന് എഫ് ഐ ആറിൽ വ്യക്തമാക്കുന്നു. കടുത്ത ഭയത്തിലും മാനസികാഘാതത്തിലുമായ കുട്ടി തന്റെ കൂട്ടുകാരോട് വിഷമം പങ്കുവെച്ചപ്പോഴാണ്, മറ്റ് ചില ആൺകുട്ടികളെയും പുരോഹിതൻ പീഡിപ്പിച്ചുവെന്ന വെളിപ്പെടുത്തലുണ്ടായത്. തുടർന്ന് രണ്ട് രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പോക്സേ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രതി ഒളിവിൽ പോയിരുന്നു. അന്വേഷണത്തിൽ ഹാസൻ ജില്ലയിലെ സക്ലേഷ്പൂരിലെ ബന്ധുവീട്ടിൽ ഒളിച്ചുകഴിയുകയാണെന്ന് പോലീസ് കണ്ടെത്തി. ഇവിടെ വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







