ഗുവാഹത്തി- ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയെ നേരിടും. ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തിൽ ഇന്ന് ഇന്ത്യൻസമയം രാത്രി 7:30-നാണ് കിക്ക് ഓഫ്.
The journey to Guwahati. ✈️ #KBFC #YellowThudarum [ Kerala Blasters, Guwahati, MG ISL ] https://t.co/jSQYy5bz7V
— Kerala Blasters FC (@KeralaBlasters) October 18, 2026
സീസൺ ഓപ്പണറിൽ ഇന്റർ കാശിക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളുകളുടെ ആധികാരിക ജയം നേടിയാണ് ബ്ലാസ്റ്റേഴ്സ് രണ്ടാം പോരാട്ടത്തിനെത്തുന്നത്. ക്യാപ്റ്റൻ വിബിൻ മോഹനനും അരങ്ങേറ്റ താരം ആന്ദ്രെ ഗ്രീനും ലക്ഷ്യം കണ്ട മത്സരത്തിൽ ജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാമതെത്താനും ബ്ലാസ്റ്റേഴ്സിനായി. ആന്ദ്രെ ഗ്രീൻ, ജെയിംസ് ബോൾട്ടൺ, നെബോജ്ഷ കൊസോവിച്ച്, മുഹമ്മദ് സനാൻ, മോമോ യാൻസാനെ, പോൾ റാംഫാങ്സൗവ, സുമിത് ശർമ്മ എന്നിവരുടെ അരങ്ങേറ്റത്തിനും ആദ്യ മത്സരം സാക്ഷ്യം വഹിച്ചിരുന്നു. കൊൽക്കത്തയിലെ മൂന്ന് ദിവസത്തെ തീവ്ര പരിശീലനത്തിന് ശേഷമാണ് ടീം ഗുവാഹത്തിയിലെത്തിയത്.
മറുവശത്ത് കരുത്തരായ മോഹൻ ബഗാൻ സൂപ്പർ ജയന്റിനെ 1-0 ന് തോൽപ്പിച്ചതിന്റെ കരുത്തിലാണ് ജുവാൻ പെഡ്രോ ബെനാലിയുടെ കീഴിലിറങ്ങുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എത്തുന്നത്. ജിതിൻ എംഎസ്, അലാദ്ദീൻ അജറൈ എന്നിവരുടെ മുന്നേറ്റങ്ങളും പ്രതിരോധത്തിൽ അഷീർ അക്തറും ഗോൾവലയ്ക്ക് മുന്നിൽ ഗുർമീത് സിംഗും അടങ്ങുന്നതാണ് അവരുടെ കരുത്ത്.







