വാഷിംഗ്ടൺ– യെമനിലെ ഹൂത്തി വിമതർക്കെതിരെയുള്ള പോരാട്ടത്തിൽ ഇസ്രായേലിന്റെ സഹായം സ്വീകരിക്കാൻ സൗദി അറേബ്യയോട് ആഹ്വാനം ചെയ്ത് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹൂത്തികളെ നേരിടുന്നതിൽ ഇസ്രായേൽ നൽകുന്ന സഹായം സൗദി അറേബ്യ സ്വീകരിക്കണമെന്നും, ഇസ്രായേൽ സൗദിക്ക് വളരെയധികം സഹായകരമായിട്ടുണ്ടെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
സൗദി അറേബ്യയുമായി തനിക്ക് മികച്ച ബന്ധമാണുള്ളതെന്നും സൗദിയുടെ കാര്യങ്ങൾ വളരെ നന്നായി മുന്നോട്ട് പോകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. സൗദിയും ഇസ്രായേലും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കാനുള്ള സാധ്യത മുൻപെങ്ങത്തേക്കാളും കൂടുതൽ വർധിച്ചിരിക്കുകയാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. മേഖലയിൽ ഹൂത്തി ആക്രമണ ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ സുരക്ഷാ സഹകരണം ശക്തമാക്കുന്നത് മിഡിൽ ഈസ്റ്റിലെ നയതന്ത്ര ബന്ധങ്ങളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം, ഫലസ്തീൻ വിഷയം പരിഹരിക്കപ്പെടാതെ ഇസ്രായേലുമായി യാതൊരുവിധ ബന്ധവും സ്ഥാപിക്കില്ലെന്ന കർശന നിലപാടിൽ സൗദി അറേബ്യ ഉറച്ചുനിൽക്കുകയാണ്. 1967ലെ അതിർത്തികൾ അംഗീകരിച്ച് സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം നിലവിൽ വരികയും, ലക്ഷക്കണക്കിന് ഫലസ്തീൻ അഭയാർഥികൾക്ക് തിരികെ വരാൻ അവസരമൊരുങ്ങുകയും ചെയ്യുന്നത് വരെ ഇസ്രായേലുമായി നയതന്ത്രബന്ധം സാധ്യമല്ലെന്ന് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഉൾപ്പെടെയുള്ള സൗദി നേതാക്കൾ നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്.







