തെഹ്റാൻ– സൗദി അറേബ്യക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ പങ്കുണ്ടെന്ന ആരോപണം തള്ളി ഇറാൻ വിദേശകാര്യ മന്ത്രാലയം. യെമനിലെ ഹൂത്തികളും സൗദിയും തമ്മിൽ മധ്യസ്ഥത വഹിക്കാനും ഇരുവിഭാഗങ്ങൾക്കുമിടയിൽ പാലമായി പ്രവർത്തിക്കാനും തങ്ങൾ തയ്യാറാണെന്ന് ഇറാൻ വ്യക്തമാക്കി. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായി പ്രസ്താവനയിലൂടെ അറിയിച്ചു.
അതേസമയം, ഹൂത്തികൾക്കെതിരെ സൈനിക നടപടി ശക്തമാക്കി സഖ്യസേന രംഗത്തെത്തി. യെമനിലെ സഅ്ദ ഗവർണറേറ്റിൽ പ്രവർത്തിച്ചിരുന്ന ഹൂത്തികളുടെ രണ്ട് ബാലിസ്റ്റിക് മിസൈൽ വിക്ഷേപണ പ്ലാറ്റ്ഫോമുകൾ ആക്രമണത്തിൽ നശിപ്പിച്ചതായി സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽമാലികി അറിയിച്ചു.


ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള പശ്ചിമ യെമനിലെ ഹുദൈദയിലേക്ക് കടൽമാർഗം ആയുധങ്ങൾ കടത്താനുള്ള നീക്കങ്ങൾ സഖ്യസേന വിഫലമാക്കി. സംഘടിത കുറ്റകൃത്യ സംഘങ്ങളുടെ ബോട്ടുകളും ആയുധങ്ങൾ കടത്തിയ വാഹനങ്ങളും ലക്ഷ്യമിട്ട് നടത്തിയ പ്രത്യാക്രമണങ്ങളുടെ ദൃശ്യങ്ങൾ മേജർ ജനറൽ തുർക്കി അൽമാലികി ഔദ്യോഗിക ‘എക്സ്’ അക്കൗണ്ടിലൂടെ പുറത്തുവിട്ടു. “ഞങ്ങൾ അവരെ കരയിൽ ആക്രമിക്കുന്നു… ഞങ്ങൾ അവരെ കടലിൽ മുക്കിക്കൊല്ലുന്നു” എന്ന് അദ്ദേഹം പോസ്റ്റിൽ കുറിച്ചു.
نَـضْـرِبُـهُـم عـلـى الأرض .. نُـغْـرِقُـهُـمْ فِـي الـبـحـر https://t.co/0jNeR1ybxN
— المتحدث الرسمي باسم قوات التحالف (@CJFCSpox) October 16, 2026







