ജിദ്ദ– സൗദി അറേബ്യയിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ വൻ വർധനവ്. കഴിഞ്ഞ വർഷം രാജ്യത്തേക്കുള്ള വിദേശ നിക്ഷേപ ഒഴുക്കിൽ 33.5 ശതമാനത്തിന്റെ വളർച്ച രേഖപ്പെടുത്തിയതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കി. കഴിഞ്ഞ വർഷം മാത്രം 15,900 കോടി റിയാലിന്റെ വിദേശ നിക്ഷേപമാണ് സൗദിയിലെത്തിയത്.
ഇതോടെ രാജ്യത്തെ ആകെ നേരിട്ടുള്ള വിദേശ നിക്ഷേപം 1.059 ട്രില്യൺ സൗദി റിയാലായി ഉയർന്നു. മൊത്തം നിക്ഷേപത്തിൽ 8.3 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
വിഷൻ 2030-ന്റെ വിജയം
സൗദി അറേബ്യയുടെ സാമ്പത്തിക രംഗത്തുണ്ടായ ഈ കുതിച്ചുചാട്ടം ‘വിഷൻ 2030’-ന്റെ വലിയ വിജയമായാണ് വിലയിരുത്തപ്പെടുന്നത്. 2017നെ അപേക്ഷിച്ച് വിദേശ നിക്ഷേപത്തിൽ അഞ്ച് മടങ്ങ് വർധനവാണ് രേഖപ്പെടുത്തിയത്. ഇതേ കാലയളവിൽ രാജ്യത്തെ ആകെ നിക്ഷേപം ഇരട്ടിയാവുകയും ചെയ്തു. 2017 നും കഴിഞ്ഞ വർഷത്തിനുമിടയിൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ 24 ശതമാനം വാർഷിക വളർച്ച നിരക്ക് കൈവരിക്കാൻ സൗദിക്കായി.
എണ്ണയിതര വരുമാനം വർധിപ്പിക്കാനും നിക്ഷേപ സൗഹൃദ അന്തരീക്ഷം ഒരുക്കാനും സൗദി സർക്കാർ നടപ്പിലാക്കിയ സാമ്പത്തിക, ഘടനാപരമായ പരിഷ്കാരങ്ങളാണ് ഈ നേട്ടത്തിന് പിന്നിൽ. ആഗോളതലത്തിൽ ഏറ്റവും സുരക്ഷിതവും ആകര്ഷകവുമായ നിക്ഷേപ കേന്ദ്രമായി സൗദി മാറുന്നുവെന്നതിന്റെ തെളിവാണ് ഈ പുതിയ കണക്കുകൾ.







