അബുദാബി- സൗദികളെയും ഇമാറാത്തികളെയും തമ്മിലകറ്റാനും സൗദി- യു.എ.ഇ ബന്ധത്തിൽ വിള്ളലുണ്ടാക്കാനും ചില കേന്ദ്രങ്ങൾ നടത്തുന്ന ശ്രമങ്ങൾക്കെതിരെ യു.എ.ഇ നാഷണൽ മീഡിയ അതോറിറ്റി ചെയർമാൻ അബ്ദുള്ള ബിൻ മുഹമ്മദ് ബിൻ ബുത്തി അൽഹാമിദ് ശക്തമായ മുന്നറിയിപ്പ് നൽകി. റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ യെമനിലെ ഹൂത്തി വിമതർ നടത്തിയ ഭീകരാക്രമണത്തിന് പിന്നാലെ, സൗദി അറേബ്യയ്ക്ക് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശനിയാഴ്ച റിയാദ് വിമാനത്താവളത്തിന് നേരെ ഹൂത്തികൾ നടത്തിയ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ ദാരുണ സംഭവത്തെ തുടർന്നുണ്ടായ ദുഃഖ സാഹചര്യത്തെ സൗദി – യു.എ.ഇ ബന്ധത്തിൽ ഭിന്നതയുണ്ടാക്കാൻ ചിലർ ദുരുപയോഗം ചെയ്യുന്നതായി അൽഹാമിദ് ‘എക്സ്’ പ്ലാറ്റ്ഫോമിൽ കുറിച്ചു.
ആക്രമണത്തിനിരയായവർ നമ്മുടെ സ്വന്തം ആളുകളാണെന്നും അവരുടെ ദുരിതം യു.എ.ഇയുടെയും ദുരിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. മരണത്തിലും ദുരന്തത്തിലും ആഹ്ലാദിക്കുന്നതിന് സ്ഥാനമില്ല. ഇരുരാജ്യങ്ങളും തമ്മിൽ ഭിന്നത വളർത്താനുള്ള നീക്കങ്ങൾ യഥാർത്ഥത്തിൽ ഹൂത്തികളെ സഹായിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ഏതൊരു ദുരുദ്ദേശ്യപരമായ പ്രചാരണങ്ങളേക്കാളും ആഴത്തിലുള്ളതാണ് യു.എ.ഇയും സൗദി അറേബ്യയും തമ്മിലുള്ള ചരിത്രപരമായ ബന്ധം. നല്ല കാലത്തും മോശം കാലത്തും തങ്ങൾ സഹോദരങ്ങളായി തുടരുമെന്നും അൽഹാമിദ് കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയ ഉപയോക്താക്കൾ അനാവശ്യ തർക്കങ്ങളിൽ ഏർപ്പെടരുതെന്നും ഓൺലൈൻ ചർച്ചകളിൽ മാന്യത പുലർത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സൗദി അറേബ്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് യു.എ.ഇയിൽ വിവിധ മേഖലകളിൽ നിന്ന് വൻ ഐക്യദാർഢ്യ ആഹ്വാനങ്ങളാണ് ഉയർന്നുവരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







