റിയാദ്- റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹൂത്തി വിമതർ നടത്തിയ മാരകമായ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിലും പരിക്കേറ്റവരിലും ഉംറ തീർഥാടകരും ഉൾപ്പെട്ടതായി റിപ്പോർട്ട്. മക്കയിലെയും മദീനയിലെയും വിവരങ്ങൾ പങ്കുവെക്കുന്ന ‘ഇൻസൈഡ് ദി ഹറമൈൻ’ എന്ന എക്‌സ് അക്കൗണ്ടാണ് ഇക്കാര്യം പുറത്തുവിട്ടത്. എന്നാൽ ഇരകളിൽ എത്ര തീർഥാടകർ ഉൾപ്പെട്ടിട്ടുണ്ടെന്നതിന്റെ കൃത്യമായ കണക്കുകൾ വ്യക്തമല്ല.
അതേസമയം, ആക്രമണത്തെ തുടർന്ന് വിമാന സർവീസുകൾ റദ്ദാക്കിയതോടെ വിവിധ രാജ്യങ്ങളിൽ കുടുങ്ങിയ സൗദി പൗരന്മാരെ സഹായിക്കാൻ സൗദി എംബസികൾ അടിയന്തര നടപടികൾ ആരംഭിച്ചു.
കുവൈത്തിൽ കുടുങ്ങിയ പൗരന്മാർക്ക് സ്വദേശത്തേക്ക് മടങ്ങാനായി സൗദി എംബസി പ്രത്യേക ബസ് സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച (ഒക്ടോബർ 12) രാവിലെ 11:30ന് ദഅ്യ പ്രദേശത്തെ എംബസി കെട്ടിടത്തിൽ ഒത്തുചേരുന്ന യാത്രക്കാരുമായി ഉച്ചയ്ക്ക് 1:00 മണിക്ക് ബസുകൾ സൗദിയിലേക്ക് പുറപ്പെടുമെന്ന് എംബസി പ്രസ്താവനയിൽ അറിയിച്ചു.
യുകെയിൽ വിമാന സർവീസുകൾ തടസ്സപ്പെട്ട് ബുദ്ധിമുട്ടിലായ സൗദി പൗരന്മാർക്ക് ആവശ്യമായ സഹായങ്ങൾ നൽകാൻ യുകെയിലെ സൗദി എംബസി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ ആരംഭിച്ചു. യുകെയിലുള്ള പൗരന്മാർ സഹായത്തിനായി +447799519495 എന്ന നമ്പറിലോ ലണ്ടനിലെ ചാൾസ് സ്ട്രീറ്റിലുള്ള എംബസി ആസ്ഥാനത്തോ ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







