മാസ്മരിക വൈഭവത്തിന്റെ കാലടയാളങ്ങൾ ചന്തം ചാർത്തി ചേതോഹരമായി നൃത്തമാടിയ കാൽപ്പന്തുകളിയുടെ സുവർണ്ണകാലമിതാ, കണ്ണീർപ്പൂക്കൾ തീർത്ത പുൽമൈതാനിയിൽ നിന്നും ബ്യുണസ് ഐറിസിലെ നീലാകാശത്തേക്ക് പറന്നുയരുകയാണ്.ഫുട്ബോൾ ആരാധകരുടെ മനസ്സിൽ വിസ്മയക്കാഴ്ചകളുടെ അലമാലകൾ തീർത്ത്, നീലവാനിൽ നിന്നും നിലാമഴപോലെ പെയ്തിറങ്ങി കണ്ണിനാവോളമിമ്പം പകുത്തുനൽകിയ ഫുട്ബോളിന്റെ മിശിഹായുടെ മാന്ത്രികക്കാലുകൾ…
ജീവിതത്തിന്റെ സുമോഹനമായ ഒരധ്യായത്തിന്റെ സുവർണ്ണത്തോപ്പിൽ ബാല്യ, കൗമാര, യൗവന, വാർദ്ധക്യ വ്യത്യാസമില്ലാതെ കോടിക്കണക്കിന് മനസ്സുകളിൽ കളിയാരവങ്ങൾക്കൊപ്പം പ്രണയപ്പൂക്കൾ വിതറിയ സോക്കർ മാന്ത്രികൻ. മെസ്സി എന്ന നാമം മനസ്സുകളിൽ കുളിർ കോരിയിട്ടതുപോലെ മറ്റനേകം വസന്തകാലങ്ങൾ ചരിത്രത്തിന്റെ താളുകളിൽ ഇനിയുമുണ്ടായേക്കാം.
മെസ്സി കരഞ്ഞാൽ കണ്ണീരൊഴുകുന്ന ലോകം… മെസ്സി ചിരിച്ചാൽ കൂടെ ചിരിക്കുന്ന ലോകം… ഫുട്ബോളിന്റെ വശ്യതയും ചടുലതയും ഭൂഖണ്ഡങ്ങൾ ഭേദിച്ച് ഒന്നായൊഴുകി, സമകാലിക ലോകത്തെ തന്നിലേക്ക് ചുരുക്കിയ നമ്മളനുഭവിച്ചാസ്വദിച്ച വല്ലാത്തൊരു മെസ്സിക്കാലം! എത്രയെത്ര ചെറ്റക്കുടിലുകൾ മുതൽ കൊട്ടാരക്കെട്ടുകൾ വരെ മെസ്സിയുടെ സുഗന്ധപരിമളം പരത്തിയിട്ടുണ്ടാവും!
ഭൂലോകത്തെ ഏതു ഭാഗത്താണ് അർജന്റീന എന്ന് പോലുമറിയാത്ത ബാല്യകാലത്ത്, പത്താം നമ്പർ ജേഴ്സിയണിഞ്ഞ മറഡോണ എന്ന സോക്കർ ദൈവത്തിലൂടെ അർജന്റീനയെ പ്രണയിച്ചു തുടങ്ങിയ എല്ലാ കുട്ടിപ്പട്ടാളവും മെസ്സിയിലൂടെ ആ പ്രണയത്തുടർച്ച നിലനിർത്തിപ്പോന്നു. ക്ലോഡിയോ കനീജിയ, ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട, ഏരിയൽ ഒർട്ടേഗ, യുവാൻ റോമൻ റിക്വല്മി, ഹെർനാൻ ക്രെസ്പോ, കാർലോസ് ടെവസ്, എയ്ഞ്ചൽ ഡി മരിയ, എമിലിയാനോ മാർട്ടിനെസ്… നീലയും വെള്ളയും പൊതിഞ്ഞ സ്നേഹപ്പുടവയിൽ കാൽപ്പന്തുകൊണ്ട് കളിക്കളങ്ങളിൽ കവിതതീർത്ത് മിന്നിത്തിളങ്ങിയ എത്രയെത്ര അർജന്റൈൻ താരകങ്ങൾ!
പ്രിയപ്പെട്ട മെസ്സീ… ഞങ്ങൾ അഭിമാനിക്കുന്നു; ഒപ്പം ഹൃദയസ്പന്ദനങ്ങളിൽ മെസ്സി എന്ന അവതാരത്തെ സ്നേഹപൂർവ്വം കുടിയിരുത്തുന്നു. ദേശ-വംശ അതിർവരമ്പുകൾക്കപ്പുറം ഫുട്ബോളിന്റെ ചന്തം പകർന്നാടി നീണ്ട 21 വർഷക്കാലം ഭൂലോകത്തെ വിസ്മയിപ്പിച്ചതിന്…
ഒരു രാജ്യത്തിന്റെ മാത്രം സ്വപ്നങ്ങളല്ല, വർഷങ്ങളോളം അർജന്റീനയ്ക്ക് വേണ്ടി കണ്ഠമിടറിയ കോടിക്കണക്കിന് സ്വപ്നങ്ങളെ തന്റെ കാലുകളിലാവാഹിച്ച്, 2022-ൽ ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ ശ്വാസനിശ്വാസങ്ങൾ നിലച്ചുപോയ ഫൈനൽ മത്സരത്തിൽ, ആർത്തട്ടഹസിച്ച് കടന്നാക്രമിച്ച ഫ്രഞ്ച് പടയാളികളെ ഉദ്വേഗത്തിന്റെ മുൾമുനയിൽ തകർത്തുതരിപ്പണമാക്കി ലോകകിരീടം സമ്മാനിച്ചതിന്…
തുടർന്ന് 2026-ലെ അമേരിക്കൻ ലോകകപ്പിൽ പ്രതീക്ഷകളുടെ കൊടുമുടി കയറി ഫൈനൽ വരെ എത്തി, സ്പാനിഷ് തേരോട്ടത്തിന് മുന്നിൽ കളിമറന്ന കാലുകളുമായി വിശ്വകപ്പ് കൈവിട്ടെങ്കിലും, പരകോടിയിൽപരം കളിയാരാധകരുടെ നെഞ്ചകങ്ങളിൽ ചവിട്ടിമെതിക്കപ്പെട്ട സ്വപ്നങ്ങൾക്കുമേലെ തേന്മഴയായി പെയ്തിറങ്ങിയ ഒട്ടനേകം സുന്ദരമുഹൂർത്തങ്ങൾ സമ്മാനിച്ചതിന്…
അതിനെല്ലാമുപരി, ഇടങ്കാലിൽ അർജന്റൈൻ ഫുട്ബോളിന്റെ വശ്യമായ ചാരുതയാവാഹിച്ച് കളിക്കളങ്ങളിൽ ആസ്വാദനത്തിന്റെ വീരചരിതം തീർത്ത രണ്ടു പതിറ്റാണ്ടുകൾ സമ്മാനിച്ചതിന്…
പ്രിയപ്പെട്ട മെസ്സീ… അന്ന് 2022-ൽ ദോഹയിലെ ലുസൈലിൽ വിശ്വകിരീടത്തിന് വേണ്ടി നിങ്ങളും കൂട്ടാളികളായ പത്തുപേരും സർവ്വവും മറന്ന് പടപൊരുതുമ്പോൾ അങ്ങകലെ കൊച്ചു കേരളത്തിന്റെ ഗ്രാമങ്ങളിൽ എട്ടും പൊട്ടും തിരിയാത്ത എത്രയെത്ര പൈതങ്ങൾ വരെ നിങ്ങൾക്കൊപ്പം ആർത്തുല്ലസിച്ചിട്ടുണ്ടായിരുന്നെന്നോ? ഡി മരിയക്കൊപ്പം ഗോൾ ആഘോഷത്തിൽ കണ്ണ് നിറച്ച് കരഞ്ഞിട്ടുണ്ടെന്നോ? എമിലിയാനോ മാർട്ടിനെസ് എന്ന ഗോൾകാവൽ മാലാഖയ്ക്ക് വേണ്ടി കണ്ണടച്ച് പ്രാർത്ഥിച്ചിട്ടുണ്ടെന്നോ?
പത്താം നമ്പർ ജേഴ്സിയണിഞ്ഞ് കളികണ്ടിരുന്ന നാലുവയസ്സുകാരനായ കിനാനും മൂന്നുവയസ്സുകാരി കെൻസയും സന്തോഷം കൊണ്ട് തുള്ളിച്ചാടി ജേഴ്സിയൂരി ടിവി സ്ക്രീനിലെ മെസ്സിക്ക് ചുംബനം കൊടുത്ത് റൂമിൽ തുള്ളിച്ചാടിയത് കാണേണ്ട കാഴ്ചയായിരുന്നു! നിങ്ങളുടെ നാട്ടിൽ പോലും കാണാത്ത വിധം ഫുട്ബോൾ ഭ്രാന്ത് തലയ്ക്കുപിടിച്ച കളിപ്പിരാന്തന്മാർ ഓരോ കവലയിലും പാടത്തും ഉയർത്തിയ നിങ്ങളുടെ കട്ട്-ഔട്ടുകൾ എത്രയാണെന്നോ!
പിന്നീട് 2026-ൽ ന്യൂജേഴ്സിയിലെ സ്റ്റേഡിയത്തിൽ ലോകകപ്പ് ഫൈനലിൽ എസ്പാനിയോ ടൊർണാഡോയ്ക്ക് മുന്നിൽ തരിപ്പണമായി നിങ്ങളും കൂട്ടരും തലതാഴ്ത്തി കരഞ്ഞപ്പോൾ, ഇതേ കുട്ടികളും ഗദ്ഗദകണ്ഠരായി സോഫയിൽ തലതാഴ്ത്തി കണ്ണീരണഞ്ഞ് നിങ്ങളോടൊപ്പം കരഞ്ഞിട്ടുണ്ടെന്നോ! എത്രയെത്ര കണ്ഠനാളങ്ങളിൽ നിന്നാണ്, രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ മെസ്സിക്ക് വേണ്ടി, അർജന്റീനയ്ക്ക് വേണ്ടി കാലങ്ങളോളം ആരവങ്ങളുടെ പെരുമ്പറ മുഴങ്ങിയതെന്നറിയുമോ? എല്ലാം ഒരേ വികാരത്തിന്റെ കാഴ്ചപ്പൊലിപ്പായിരുന്നു… നീലയും വെള്ളയും ഇഴചേർന്ന ആകാശനീലിമയോടുള്ള പ്രണയം മാത്രം…
അണ്ടർ-20 ലോകകപ്പിലെ കളിയഴകിലൂടെ ലോകശ്രദ്ധ നേടിയ പുതിയ കൗമാരതാരം എന്ന ലേബലിൽ നിങ്ങൾ ആദ്യ അന്താരാഷ്ട്ര മത്സരത്തിൽ 2005 ഓഗസ്റ്റ് 17-ന് ഹംഗറിക്കെതിരെ രണ്ടാം പകുതിയിൽ കളിക്കാനിറങ്ങി, കേവലം ഒരു മിനിറ്റിനുള്ളിൽ അവിചാരിതമായി കിട്ടിയ ചുവപ്പുകാർഡ് കണ്ട് പുറത്തുപോയത് ഇപ്പോഴും ഓർക്കുന്നുണ്ടോ?
മധ്യവരയ്ക്കപ്പുറത്തുനിന്നും ലഭിച്ച പാസ്സുമായി എതിർപോസ്റ്റിലേക്ക് ശരവേഗത്തിൽ കുതിച്ച 18-കാരൻ സെൻസേഷൻ പയ്യനെ പ്രതിരോധിക്കാൻ ഹംഗറി സ്റ്റോപ്പർ ബാക്ക് വിൽമോസ് വൻസൊക് മെസ്സിയുടെ ജേഴ്സി പിന്നിൽ നിന്നും പിടിച്ചുവലിച്ചു. കുതറിയോടിയ മെസ്സിയുടെ കൈ അബദ്ധത്തിൽ വൻസൊക്കിന്റെ കഴുത്തിലാണ് വീണത്. മുന്നും പിന്നും നോക്കാതെ ചെയ്യാത്ത കുറ്റത്തിന് റെഡ് കാർഡുയർത്തിയ ജർമ്മൻ റഫറി മാർക്കസ് മാർക്ക്, സുമുഖനായ നീളൻമുടിക്കാരൻ പതിനെട്ടുകാരന്റെ അരങ്ങേറ്റം ഒരിക്കലും മറക്കാത്ത ഒരധ്യായമാക്കി!
പക്ഷേ, തുടർന്നങ്ങോട്ട് ലോകം കണ്ടത് കേളിവൈഭവത്തിന്റെ ത്രസിപ്പിക്കുന്ന ചരിത്രഗാഥകളുടെ സുവർണ്ണത്തേരേറിയ നയനമനോഹര കളിയാമങ്ങളായിരുന്നു… ആസ്വാദനത്തിന്റെ രുചിക്കൂട്ടുകൾ മേമ്പൊടി ചേർത്ത ഒട്ടനേകം പോരാട്ടങ്ങളുടെ കാൽപ്പന്താട്ടങ്ങൾ! ഓർമ്മകളുടെ ചില്ലുഫ്രെയിമിൽ വർണ്ണാഭമായ ഓരായിരം കളിയോർമ്മകൾ… കസവുകൊലുസണിഞ്ഞ ലാസ്യനൃത്തച്ചുവടുകൾ… ആ കളിയഴകിന് മാറ്റുകൂട്ടാൻ ഫുട്ബോൾ ചരിത്രത്തിലെ അതുല്യമായ എട്ട് ബാലൺ ഡി ഓർ അവാർഡുകൾ!
കേവലം കളി തുടങ്ങി ഒരു മിനിറ്റിനുള്ളിൽ ചുവപ്പുകാർഡ് കണ്ട് തുടക്കം കുറിച്ച ഇന്റർനാഷണൽ കരിയർ ഇപ്പോഴിതാ, ജാജ്വല്യമാനമായ നീണ്ട 21 വർഷത്തെ അവിസ്മരണീയ മുഹൂർത്തങ്ങളുടെ നിറച്ചാർത്തുമായി നീലാകാശത്തോപ്പിലേക്ക് തിരിഞ്ഞുനടക്കുകയാണ്.
ബൈ ബൈ മെസ്സി…
ഒരായിരം റോസാപ്പൂക്കളുമായി നീലിമവിഹായസ്സിലെ ഗഗനസുന്ദരികൾ നിങ്ങളെ കാത്തിരിപ്പാണ്!







