ഗുവാഹത്തി- ബാങ്ക് മാനേജരെ ഹണിട്രാപ്പിൽ കുടുക്കി ലക്ഷങ്ങൾ തട്ടിയ അഞ്ചംഗ സംഘം അസമിൽ അറസ്റ്റിൽ. അസമിലെ ജോർഹാത് ജില്ലയിലെ സദർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളും അടങ്ങുന്ന സംഘമാണ് പിടിയിലായത്.
കഴിഞ്ഞ ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട ഒരു യുവതി ബാങ്ക് മാനേജരുമായി സൗഹൃദം സ്ഥാപിക്കുകയും, പിന്നീട് ഇയാളെ ജോർഹാതിലെ വാടക ഫ്‌ലാറ്റിലേക്ക് വിളിച്ചുവരുത്തുകയുമായിരുന്നു. ഫ്‌ലാറ്റിലെത്തിയ മാനേജരുടെ ദൃശ്യങ്ങൾ സംഘം രഹസ്യമായി പകർത്തി. ഈ വീഡിയോകൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ആദ്യഘട്ടത്തിൽ 2 ലക്ഷം രൂപയും പിന്നീട് ഒരു ലക്ഷം രൂപയും ഉൾപ്പെടെ ആകെ 3 ലക്ഷം രൂപ ഇവർ തട്ടിയെടുത്തു.
5 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ട് സംഘം ഭീഷണി തുടർന്നതോടെയാണ് ബാങ്ക് മാനേജർ ജോർഹാത് പോലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളായ സഞ്ജീബ് ദാസ്, അങ്കിത് പാൽ, അങ്കിത് ബോറ, ബേബി ബോറ, ഈ തട്ടിപ്പിന്റെ മുഖ്യസൂത്രധാരിയായ മൊറോമി ദാസ് നിയോഗ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്.
സമ്പന്നരായ ബിസിനസുകാരെയും ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ടാണ് സംഘം പ്രവർത്തിച്ചിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







