ന്യൂഡൽഹി- കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും ബി.ജെ.പി വിജയിക്കുന്നതും അധികാരത്തിലെത്തിയതും വോട്ടർ പട്ടിക അട്ടിമറിച്ചും കാണിച്ചുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. വോട്ടർ പട്ടികയിൽ കൃത്രിമം നടത്തി കോടി കണക്കിന് വോട്ടർമാരെ നീക്കം ചെയ്തിരിക്കുന്നു. കേന്ദ്ര സർക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും തമ്മിലുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നും മുഖ്യമന്ത്രി ആഞ്ഞടിച്ചു.
VIDEO | “Delhi Police brutally manhandled Rahul Gandhi; this protest against Gyanesh Kumar will be marked in the history of democratic India”, says Keralam CM VD Satheesan (@vdsatheesan) in Delhi after joining protest. (Full video available on PTI Videos – https://t.co/bIyFWTfmBd)
— Press Trust of India (@PTI_News) October 7, 2026
ജനാധിപത്യത്തിന്റെ ഏറ്റവും വലിയ സൗന്ദര്യം നീതിപൂർവ്വകമായ തിരഞ്ഞെടുപ്പാണ്. നീതിപൂർവ്വകമായ തിരഞ്ഞെടുപ്പിന്റെ അടിസ്ഥാനം വോട്ടർ പട്ടികയാണ്. അത് അട്ടിമറിക്കപ്പെട്ടിരിക്കുന്നു.
ബി.ജെ.പിയുടെ വോട്ട് കൊള്ളക്കും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കുമെതിരായ സമരം ഇന്ത്യയുടെ ചരിത്രത്തിൽ സുപ്രധാന ഏടായി അടയാളപ്പെടുത്തും. തിരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമാക്കുന്നതിനാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഈ സമരം നടക്കുന്നത്. കേരളത്തിന്റെ പിന്തുണ അറിയിക്കാനാണ് സമരത്തിനെത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഹുൽ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയേയും അതിക്രൂരമായാണ് പോലീസ് വലിച്ചിഴച്ചത്. രാജ്യത്തിന്റെ പ്രതിപക്ഷ നേതാവിനെ ജന്തർ മന്തറിൽ സമരം നടത്താൻ അനുവദിക്കില്ലെന്ന ഏകാധിപത്യ ഭരണസമീപനമാണ് ബി.ജെ.പിയുടേതെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ മുഖ്യമന്ത്രി വി ഡി സതീശൻ അടക്കമുള്ള നേതാക്കൾ പോലീസ് സ്റ്റേഷന് മുന്നിലെത്തി ശക്തമായ പ്രതിഷേധം നടത്തിയതിന് പിന്നാലെയണ് രാഹുലിനെ കാണാൻ നേതാക്കളെ അനുവദിച്ചത്.







