റിയാദ്- സൗദി അറേബ്യയിലെ നജ്‌റാൻ, ജസാൻ വിമാനത്താവളങ്ങളിൽ ഇന്നലെ രാത്രി വ്യോമാക്രമണമുണ്ടായതായി സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. തെക്കൻ അതിർത്തിയോട് ചേർന്നുള്ള ജസാനിലെ കിംഗ് അബ്ദുള്ള ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, നജ്‌റാൻ അന്താരാഷ്ട്ര വിമാനത്താവളം എന്നിവയ്ക്ക് നേരെയാണ് ഹൂത്തികളുടെ ആക്രമണമുണ്ടായത്.
ആക്രമണങ്ങളിൽ മൂന്ന് പേർക്ക് നിസ്സാരമായി പരിക്കേൽക്കുകയും വിമാനത്താവള വസ്തുവകകൾക്ക് ചെറിയ തോതിൽ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
ആക്രമണങ്ങൾക്ക് തൊട്ടുപിന്നാലെ രണ്ട് വിമാനത്താവളത്തിലും അടിയന്തര സുരക്ഷാ പ്രോട്ടോക്കോളുകൾ നടപ്പിലാക്കി. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഈ വിമാനത്താവളങ്ങളിലേക്കുള്ള ചില സർവീസുകൾ താൽക്കാലികമായി തടസ്സപ്പെടുകയോ വഴിതിരിച്ചുവിടുകയോ ചെയ്തിട്ടുണ്ട്.
ഹൂത്തികളുടെ ബാലിസ്റ്റിക് മിസൈൽ ലോഞ്ചറും ഡിപ്പോയും സഖ്യസേന തകർത്തു
ബാലിസ്റ്റിക്, ക്രൂസ് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ഹൂത്തി സൈനിക വക്താവ് യഹ്‌യ സരീ അവകാശപ്പെട്ടു.







