ന്യൂഡൽഹി- ഡൽഹിയിലെ ജന്തർ മന്തറിൽ ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നടന്ന പ്രതിഷേധത്തിനിടെ അറസ്റ്റിലായ 17 വിദ്യാർത്ഥികൾക്കും സ്വതന്ത്ര മാധ്യമപ്രവർത്തകർക്കും ഡൽഹി പട്യാല ഹൗസ് കോടതി ജാമ്യം അനുവദിച്ചു. പ്രതിഷേധക്കാരെല്ലാവരും പ്രായം കുറഞ്ഞവരാണെന്നും മുമ്പ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടില്ലാത്തതിനാൽ ഇവരുടെ ഭാവി നശിക്കാതിരിക്കാൻ ജാമ്യം അനുവദിക്കുന്നുവെന്നും മജിസ്ട്രേറ്റ് അനിമേഷ് കുമാർ വ്യക്തമാക്കി. ഒരാൾക്ക് 15,000 രൂപയുടെ ബോണ്ടിലാണ് കോടതി ജാമ്യം നൽകിയത്.
നിരോധനാജ്ഞ ലംഘിച്ച് ഒത്തുകൂടൽ, പൊതുമുതൽ നശിപ്പിക്കൽ, വനിതാ കോൺസ്റ്റബിൾ ഉൾപ്പെടെയുള്ള ഡൽഹി പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കൽ എന്നിവയാണ് പ്രതിഷേധക്കാർക്കെതിരെ ചുമത്തിയിരുന്ന കുറ്റങ്ങൾ.
തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച്; എം.പിമാരെ അറസ്റ്റ് ചെയ്തുനീക്കി പോലീസ്
സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെങ്കിലും ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുന്നത് അനുവദിക്കാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. എങ്കിലും ഭൂരിഭാഗം കുറ്റങ്ങളും ജാമ്യം ലഭിക്കാവുന്നവയാണെന്ന് കോടതി വിലയിരുത്തി.
അതേസമയം കസ്റ്റഡിയിലിരിക്കെ പൊലീസ് ക്രൂരമായി മർദ്ദിച്ചുവെന്ന് രണ്ട് വിദ്യാർത്ഥികൾ കോടതിയിൽ പരാതിപ്പെട്ടതിനെ തുടർന്ന്, പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെ സി സി ടി വി ദൃശ്യങ്ങൾ സൂക്ഷിച്ചുവെക്കാനും സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാനും ഡെപ്യൂട്ടി പൊലീസ് കമ്മീഷണറോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.







