റിയാദ്- യെമനിലെ ഹൂത്തി ആക്രമണങ്ങൾ രൂക്ഷമാകുന്നതിനിടെ സൗദി അറേബ്യയിലേക്ക് വേഗത്തിൽ സൈന്യത്തെ അയക്കാൻ തുർക്കിയും പാക്കിസ്ഥാനും തീരുമാനിച്ചു. മൂന്ന് രാജ്യങ്ങളും ചേർന്ന് രൂപീകരിച്ച പുതിയ പരസ്പര പ്രതിരോധ സഖ്യത്തിന്റെ ഭാഗമായാണ് നടപടി. ഏതെങ്കിലും ഒരു രാജ്യത്തിന് നേരെ ആക്രമണമുണ്ടായാൽ ഒന്നിച്ച് നേരിടുമെന്ന് ഉറപ്പുനൽകുന്ന ‘മക്ക സംയുക്ത പ്രതിരോധ കരാറിൽ’ കഴിഞ്ഞ ഓഗസ്റ്റിൽ മൂന്ന് രാജ്യങ്ങളും ഒപ്പുവെച്ചിരുന്നു.
റിയാദിൽ ചേർന്ന സഖ്യത്തിന്റെ ‘സ്ട്രാറ്റജിക് പൊളിറ്റിക്കൽ ആന്റ് ഡിഫൻസ് കമ്മിറ്റി’യുടെ അടിയന്തര യോഗത്തിലാണ് സൈനിക വിന്യാസത്തിന് ധാരണയായത്. മൂന്ന് രാജ്യങ്ങളിലെയും മന്ത്രിമാരും സൈനിക മേധാവികളും യോഗത്തിൽ പങ്കെടുത്തു. മക്ക, മദീന തുടങ്ങിയ വിശുദ്ധ നഗരങ്ങളെയും മറ്റ് മേഖലകളെയും ലക്ഷ്യമിട്ട് നടന്ന ആക്രമണങ്ങളെ യോഗം ശക്തമായി അപലപിച്ചു. സൗദിയുടെ പരമാധികാരത്തിനും സുരക്ഷയ്ക്കും നേരെ ഉണ്ടാകുന്ന ഏത് ഭീഷണിയെയും ഒന്നിച്ച് ചെറുക്കുമെന്ന് സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.
സൗദിയിലെ പ്രവാസികളുടെയും ശ്രദ്ധയ്ക്ക്, മിസൈൽ ആക്രമണം ചിത്രീകരിച്ചാൽ പണികിട്ടും
സഖ്യത്തിന്റെ പ്രഥമ സെക്രട്ടറി ജനറലായി പാകിസ്ഥാന്റെ റിട്ട. ലെഫ്റ്റനന്റ് ജനറൽ നുഅ്മാൻ മഹ്‌മൂദിനെ മൂന്ന് വർഷത്തേക്ക് നിയമിച്ചു. നാറ്റോയിലെ രണ്ടാമത്തെ വലിയ സൈന്യമുള്ള തുർക്കി, ആണവശക്തിയായ പാകിസ്ഥാൻ, ഗൾഫിലെ പ്രമുഖ ശക്തിയായ സൗദി അറേബ്യ എന്നിവരുടെ ഈ കൂട്ടായ്മ മേഖലയിലെ പ്രതിരോധ മേഖലയിൽ നിർണായകമായേക്കും.







