റിയാദ്: മറ്റേതോ വിസയുടെ പ്രിന്റ് എഡിറ്റ് ചെയ്ത് റിയാദ് വിമാനത്താവളത്തിലെത്തിയ മൂന്നു മലയാളികളെ സൗദി അറേബ്യയില്‍ ഇറങ്ങാന്‍ അനുവദിക്കാതെ അധികൃതര്‍ തിരിച്ചയച്ചു. നാലു ദിവസം മുമ്പ് റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മൂന്നു തിരുവനന്തപുരം സ്വദേശികളെയാണ് ഒരു ദിവസത്തിന് ശേഷം തിരിച്ചയച്ചത്.
ജൂണ്‍ മാസത്തില്‍ മൊഫ രജിസ്റ്റര്‍ ചെയ്ത മറ്റേതോ വിസയുടെ പ്രിന്റില്‍ വിസ നമ്പര്‍, തിയ്യതി, വ്യക്തിയുടെ പേര്, പാസ്പോര്‍ട്ട് നമ്പര്‍, റഫറന്‍സ് നമ്പര്‍, റഫറന്‍സ് തിയ്യതി, പ്രൊഫഷന് തുടങ്ങിയവ എഡിറ്റ് ചെയ്താണ് ഇവര്‍ക്ക് ഏജന്റ് വിസ നല്‍കിയിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ തന്നെ തിരുത്തിയ വിസയാണെന്ന് മനസ്സിലാവും. ഇത്തരം വിസയുമായി എത്തിയ നാലു പേരില്‍ ഒരു തൃശൂര്‍ സ്വദേശിയെ കൊച്ചി വിമാനത്താവളത്തില്‍ നിന്ന് തന്നെ തിരിച്ചയച്ചെന്നാണ് വിവരം.
ഏജന്റുമാര്‍ ഒറിജിനല്‍ ആണെന്ന് വിശ്വസിപ്പിച്ചാണ് ഇവരെ റിയാദിലേക്ക് അയച്ചത്. ഒന്നര ലക്ഷം രൂപയാണ് വിസക്ക് നല്‍കിയിരുന്നതെന്ന് സൗദിയിലെ വിസ ഏജന്റ് ദ മലയാളം ന്യൂസിനോട് പറഞ്ഞു. ഇവിടെ നിന്ന് ഒറിജിനല്‍ വിസയാണ് അയച്ചുകൊടുത്തതെന്നും അദ്ദേഹം പറഞ്ഞു. അത് സ്റ്റാമ്പ് ചെയ്യാന്‍ തമിഴ്നാട്ടിലെ നാഗര്‍കോവിലുള്ള ഏജന്റിനാണ് നല്‍കിയിരുന്നത്. ഹൗസ് വര്‍ക്കര്‍ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് ഒറിജിനല്‍ പാസ്പോര്‍ട്ട് സമര്‍പ്പിക്കാറുണ്ട്. പാസ്പോര്‍ട്ട് പോലും നല്‍കാതെയാണ് ഇവര്‍ക്ക് വിസ ലഭിച്ചത്.
റിയാദ് വിമാനത്താവളത്തിലെത്തി വിസ പരിശോധിച്ചപ്പോള്‍ മാത്രമാണ് ഇവര്‍ മൂന്നു പേരും തങ്ങള്‍ക്ക് ലഭിച്ച വിസ വ്യാജമാണെന്ന് അറിയുന്നത്. അതോടെ വിസ നല്കിയ ഏജന്റുമാര്‍ കൈമലര്‍ത്തി. തുടര്‍ന്ന് ഇവരെ കോഴിക്കോട്ടേക്കുള്ള വിമാനത്താവളത്തിലേക്ക് അയച്ചു.
ഇത്തരം തിരുത്തലുകള്‍ വരുത്തിയ വ്യാജ വിസകളുമായി നേരത്തെയും ചിലര്‍ സൗദി വിമാനത്താവളങ്ങളിലെത്തിയിരുന്നു. ഇതിന്നായി ഒരു ലോബി തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും വിസകള്‍ അംഗീകൃത ഏജന്റുമാര്‍ വഴി സ്റ്റാമ്പ് ചെയ്താല്‍ ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാമെന്നും ട്രാവല്‍ ഏജന്റുമാര്‍ പറയുന്നു







