ജിദ്ദ: സൗദി അറേബ്യയിൽ ഹുറൂബ് (തൊഴിൽ സ്ഥലത്തുനിന്ന് വിട്ടുനിന്നവർ) രജിസ്റ്റർ ചെയ്യപ്പെട്ടവരുടെ പദവി ശരിയാക്കാനുള്ള പദ്ധതി പ്രയോജനപ്പെടുത്തി, മറ്റ് സ്ഥാപനങ്ങളിലേക്ക് സ്പോൺസർഷിപ്പ് മാറിയവരുടെ എണ്ണം ഈ വർഷം രണ്ടാം പാദാവസാനത്തോടെ 1,35,596 ആയി ഉയർന്നതായി സർക്കാർ റിപ്പോർട്ട്.
‘തൊഴിൽ വിപണിയിലേക്കുള്ള സംയോജനം’ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലൂടെ, ഹുറൂബിലായ തൊഴിലാളികൾക്ക് മറ്റ് സ്ഥാപനങ്ങളിലേക്ക് മാറി പുതിയ കരാറുകൾ ഉണ്ടാക്കാൻ അവസരം ലഭിക്കുന്നു. നിയമലംഘകരുടെ എണ്ണം കുറയ്ക്കുക, പ്രാദേശികമായി ലഭ്യമായ കഴിവുള്ളവരെ സ്ഥാപനങ്ങൾക്കിടയിൽ പ്രയോജനപ്പെടുത്തുക, തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുക, തൊഴിലുടമയും ജീവനക്കാരനും തമ്മിലുള്ള കരാർ ബന്ധം കൃത്യമായി നിയന്ത്രിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
ഹുറൂബുമായി ബന്ധപ്പെട്ട കേസുകളും വ്യാജ ഹുറൂബ് പരാതികളും കുറയ്ക്കാനും, മന്ത്രാലയത്തിന്റെ ജോലിഭാരം ലഘൂകരിച്ച് നിയമവിരുദ്ധ തൊഴിലാളികളുടെ എണ്ണം തടയാനും സാധിക്കുമെന്ന് മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വിലയിരുത്തുന്നു. കൂടാതെ, തൊഴിലാളികളുടെ വർക്ക് പെർമിറ്റ് ഫീസ് ഇനത്തിലുള്ള കുടിശ്ശിക ഈടാക്കുന്നതിലൂടെ രാജ്യത്തിന്റെ എണ്ണയിതര വരുമാനം വർധിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്.
പദ്ധതിയുടെ പ്രധാന നിബന്ധനകളും വ്യവസ്ഥകളും:
- തുടക്കം: മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം 2025 സെപ്റ്റംബറിലാണ് ഹുറൂബിലായ പ്രൊഫഷണൽ തൊഴിലാളികളുടെ പദവി ശരിയാക്കാനുള്ള പദ്ധതിക്ക് തുടക്കമിട്ടത്.
- ആർക്കൊക്കെ അപേക്ഷിക്കാം: ഗ്രേസ് പീരിയഡിന് ശേഷവും ഹുറൂബ് തുടരുന്നവർക്കും, നേരത്തെ ഹുറൂബിലായവർക്കും, തൊഴിൽ കരാറുകൾ അവസാനിക്കുകയോ റദ്ദാക്കപ്പെടുകയോ ചെയ്തവർക്കും ഈ പദ്ധതി പ്രയോജനപ്പെടുത്താം.
- നിബന്ധന: പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന്, ഹുറൂബിലാകുന്നതിനോ കരാർ അവസാനിക്കുന്നതിനോ മുമ്പ് തൊഴിലാളി കുറഞ്ഞത് 12 മാസമെങ്കിലും രാജ്യത്ത് തുടർച്ചയായി ജോലി ചെയ്തിരിക്കണം.
- ഫീസ്: തൊഴിലാളിയുടെ വർക്ക് പെർമിറ്റ് ഫീസ് ഇനത്തിലുള്ള കുടിശ്ശിക അടയ്ക്കാൻ പുതിയ തൊഴിലുടമ ബാധ്യസ്ഥനാണ്.
മന്ത്രാലയത്തിന്റെ പുതിയ പരിഷ്കാരങ്ങൾ പ്രകാരം ഹുറൂബിലായ തൊഴിലാളിക്ക് സ്പോൺസർഷിപ്പ് മാറാനോ ഫൈനൽ എക്സിറ്റിൽ നാട്ടിലേക്ക് പോകാനോ 60 ദിവസത്തെ സാവകാശം ലഭിക്കും. ഈ സമയത്തിനുള്ളിൽ രണ്ടിലൊന്ന് തിരഞ്ഞെടുത്തില്ലെങ്കിൽ മാത്രമേ സ്റ്റാറ്റസ് പൂർണമായും ഹുറൂബിലേക്ക് മാറുകയുള്ളൂ.







