റിയാദ്/തെൽ അവീവ്: യു.എ.ഇയിലെ ദുബായിൽ നിന്ന് ഇസ്രായേലിലെ തെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് വിമാനം ഹൈജാക്ക് ചെയ്തതാണെന്ന പ്രചാരണം നിഷേധിച്ച് അധികൃതർ. പൈലറ്റുമാർ തമ്മിലുള്ള തർക്കമാണ് വിമാനം തിരിച്ചുവിടാൻ കാരണമെന്ന് അധികൃതർ വ്യക്തമാക്കി. 150-ലധികം ഇസ്രായേലി യാത്രക്കാരുമായി സഞ്ചരിച്ച വിമാനം സൗദി അറേബ്യയിൽ ലാന്റ് ചെയ്തിരുന്നു.
വിമാനം വഴി തിരിച്ചുവിട്ടതിനെ തുടർന്ന് ബുധനാഴ്ച രാവിലെ ഇസ്രായേൽ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ അടിയന്തരമായി പറന്നുയരുകയും ഫ്ലൈദുബായ് വിമാനത്തെ പിന്തുടരുകയും ചെയ്തു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സും അടിയന്തര സുരക്ഷാ യോഗം വിളിച്ചുചേർത്തു.
സംഭവിച്ചത് എന്ത്?
വിമാനങ്ങൾ ട്രാക്ക് ചെയ്യുന്ന ‘ഫ്ലൈറ്റ് റഡാർ 24 നൽകുന്ന വിവരമനുസരിച്ച്, ബോയിംഗ് 737 മാക്സ് 8 വിമാനം ആദ്യം ‘എമർജൻസി കോഡ് 7700’ പ്രക്ഷേപണം ചെയ്തു. ഏതെങ്കിലും തരത്തിലുള്ള അടിയന്തരാവസ്ഥയെ സൂചിപ്പിക്കുന്നതാണ് ഈ കോഡ്. എന്നാൽ തൊട്ടുപിന്നാലെ, വിമാനം തട്ടിക്കൊണ്ടുപോകൽ പോലെയുള്ള നിയമവിരുദ്ധ ഇടപെടലുകളെ വ്യക്തമാക്കുന്ന ‘കോഡ് 7500’ ചില ട്രാക്കിംഗ് സിസ്റ്റങ്ങളിൽ തെളിഞ്ഞു.
ജോർദാൻ വ്യോമാതിർത്തിയിൽ പ്രവേശിച്ച വിമാനം പെട്ടെന്ന് യു-ടേൺ എടുത്ത് സൗദി അറേബ്യൻ പ്രദേശത്തേക്ക് തിരിയുകയായിരുന്നു. സാധാരണ സഞ്ചരിക്കുന്ന ഉയരത്തിൽ നിന്നും താഴ്ന്ന്, ഏകദേശം 15,000 അടി ഉയരത്തിലാണ് വിമാനം സഞ്ചരിച്ചതെന്നും ഫ്ലൈറ്റ് ഡാറ്റ വ്യക്തമാക്കിയിരുന്നു.







