റിയാദ്- സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി യു.എ.ഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ കൂടിക്കാഴ്ച നടത്തി. റിയാദിൽ നടന്ന ചർച്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സാഹോദര്യ ബന്ധങ്ങളും മേഖലയിലെ പുതിയ സംഭവവികാസങ്ങളും ഇരുനേതാക്കളും വിലയിരുത്തി. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ആശംസകൾ ശൈഖ് മൻസൂർ സൗദി കിരീടാവകാശിയെ അറിയിച്ചു.
സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരന്റെ ക്ഷണം സ്വീകരിച്ചാണ് ശൈഖ് മൻസൂർ റിയാദിലെത്തിയത്. വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ഖാലിദ് ബിൻ സൽമാൻ രാജകുമാരന്റെ നേതൃത്വത്തിൽ ഊഷ്മളമായി സ്വീകരിച്ചു. തുടർന്ന് നടന്ന ഔദ്യോഗിക ചർച്ചയിലും പ്രതിരോധ മന്ത്രി പങ്കെടുത്തു.
അതിനിടെ, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയുമായി സൗദി കിരീടാവകാശി ടെലിഫോണിൽ ചർച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും മേഖലയിൽ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാനുള്ള ശ്രമങ്ങളും ഫോൺ സംഭാഷണത്തിൽ വിഷയമായതായി ഔദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു.







