ചണ്ഡീഗഢ്- ഹരിയാനയിലെ ഫരീദാബാദിൽ കുഴൽക്കിണറിൽ നിന്ന് രക്ഷപ്പെടുത്തിയ പത്ത് വയസ്സുകാരി ആശുപത്രിയിൽ മരമത്തിന് കീഴടങ്ങി.
ഫരീദാബാദ് സീഹി ഗ്രാമത്തിൽ ഞായറാഴ്ച വൈകുന്നേരമായിരുന്നു അപകടം. 200 മുതൽ 250 അടി വരെ ആഴമുള്ള കുഴൽക്കിണറിൽ വീണ് കുടുങ്ങിപ്പോയ മൂന്ന് വയസ്സുകാരിയെ പത്ത് മണിക്കൂർ നീണ്ട തീവ്രമായ രക്ഷാപ്രവർത്തനത്തിനൊടുവിൽ ഇന്ന് രാവിലെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും, കുട്ടി മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
കളിച്ചുകൊണ്ടിരിക്കുകയായിരുന്ന മൂന്ന് വയസ്സുകാരി നേഹ, സമീപത്ത് നിർത്തിയിട്ടിരുന്ന ട്രാക്ടറിൽ നിന്ന് വഴുതി കുഴൽക്കിണറിലേക്ക് വീഴുകയായിരുന്നു. ഫരീദാബാദ് മുൻസിപ്പൽ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ളതും വർഷങ്ങളായി അടച്ചുകിടന്നതുമായ കുഴൽക്കിണറാണിത്.
രാത്രി മുഴുവൻ മണ്ണ് നീക്കം ചെയ്തു ക്യാമറ കുഴൽകിണറിലേക്ക് ഇറക്കിയും എൻ.ഡി.ആർ.എഫും പോലീസും ഫയർഫോഴ്‌സും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിൽ പെൺകുട്ടിയെ പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പുലർച്ചെ നാല് മണിയോടെ പെൺകുട്ടിയെ പുറത്തെത്തിച്ച് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു.
മരിച്ച നേഹയുടെ മാതാപിതാക്കൾ ഉത്തർ പ്രദേശുകാരാണ്. വർഷങ്ങളോളമായി ഫരീദാബാദിൽ താമസിച്ചുവരികയും കൂലിപ്പണി ചെയ്യുന്നവരുമാണ് കുടുംബം.







