ഏദൻ- യെമനിലെ താഇസിൽ സായുധ സേന നടത്തിയ ശക്തമായ ആക്രമണത്തിൽ നാല് ഇറാൻ മിസൈൽ, ഡ്രോൺ വിദഗ്ധർ കൊല്ലപ്പെട്ടതായി യെമൻ സായുധ സേന അറിയിച്ചു.
കഴിഞ്ഞ 72 മണിക്കൂറിനിടെ വിവിധ യുദ്ധമുഖങ്ങളിലായി ഹൂത്തി മിലീഷ്യകളുടെ താവളങ്ങളും സൈനിക ശേഷിയും ലക്ഷ്യമിട്ട് 756 ഓപ്പറേഷനുകളാണ് സൈന്യം നടത്തിയത്
വ്യാപകമായ സൈനിക നടപടികൾ
കതാഫ്, അൽബഖ, അലബ്, അൽജൗഫ്, മാരിബ്, അൽബൈദ, ലഹ്ജ്, താഇസ് തുടങ്ങിയ മേഖലകൾ ലക്ഷ്യമിട്ടാണ് ഓപ്പറേഷനുകൾ സംഘടിപ്പിച്ചതെന്ന് സായുധ സേനാ വക്താവ് കേണൽ മാജിദ് അൽനുസൈലി പ്രസ്താവനയിൽ വ്യക്തമാക്കി. വ്യോമസേന, ഡ്രോണുകൾ, സ്‌നിപ്പർമാർ, പീരങ്കികൾ, റോക്കറ്റ് ലോഞ്ചറുകൾ എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണം.
ഈ ഓപ്പറേഷനുകളിൽ ഹൂത്തികളുടെ നിരവധി സൈനിക വാഹനങ്ങൾ, മിസൈൽ ലോഞ്ചറുകൾ, ആയുധ ഡിപ്പോകൾ എന്നിവ നശിപ്പിക്കുകയോ പ്രവർത്തനരഹിതമാക്കുകയോ ചെയ്തു. കൂടാതെ, 2,316 ഹൂത്തി പോരാളികൾ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ട്. താഇസ് ഗവർണറേറ്റിൽ ഡ്രോണുകളും മിസൈലുകളും പ്രവർത്തിപ്പിക്കുന്നതിൽ പങ്കാളികളായ നാല് ഇറാൻ വിദഗ്ധരുടെ മരണവും ഈ തിരിച്ചടികളിൽ ഉൾപ്പെടുന്നു. ഇത് ഹൂത്തി ഗ്രൂപ്പിന് ഇറാൻ നൽകുന്ന തുടർച്ചയായ പിന്തുണയുടെ വ്യക്തമായ തെളിവാണെന്നും സേന ചൂണ്ടിക്കാട്ടി.
യമനിലെ ആഭ്യന്തര സംഘർഷം; മൂന്നാഴ്ച്ചക്കുള്ളിൽ പലായനം ചെയ്തത് 71,000ത്തിലധികം കുട്ടികൾ
ഹൂത്തികളുടെ ജനദ്രോഹ നടപടികൾക്കെതിരെ ജാഗ്രത
തങ്ങൾ സിവിലിയന്മാരെ ലക്ഷ്യമിടുന്നുവെന്ന ഹൂത്തികളുടെ ആരോപണം വസ്തുതകൾ വളച്ചൊടിച്ചുകൊണ്ടാണെന്നും സ്വന്തം ആക്രമണങ്ങൾ മറച്ചുവെക്കാനാണ് അവർ ഇത്തരം പ്രചാരണങ്ങൾ നടത്തുന്നതെന്നും സൈന്യം വ്യക്തമാക്കി.
കഴിഞ്ഞ സെപ്റ്റംബർ 23ന് ലഹ്ജ് ഗവർണറേറ്റിലെ അൽമുദാറബയിലുള്ള അംറ് ഇബ്നു അൽആസ് സ്‌കൂളിനു നേരെയും റാസ് അൽആറ ജില്ലയിലും ഹൂത്തികൾ നടത്തിയ ആക്രമണത്തിൽ മൂന്ന് സിവിലിയന്മാർ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ ആക്രമണത്തിൽ സ്‌കൂൾ കെട്ടിടത്തിനും കാര്യമായ കേടുപാടുകൾ സംഭവിച്ചു. കൂടാതെ, ലഹ്ജ് ഗവർണറേറ്റിലെ റോഡുകളിലും മലയിടുക്കുകളിലും ഹൂത്തികൾ അന്താരാഷ്ട്രതലത്തിൽ നിരോധിക്കപ്പെട്ട കുഴിബോംബുകൾ സ്ഥാപിച്ചിട്ടുള്ളത് സാധാരണക്കാരുടെ ജീവനും സഞ്ചാര സ്വാതന്ത്ര്യത്തിനും വലിയ ഭീഷണിയാണ്.
അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ പാലിച്ച് ഭീഷണിയുടെ ഉറവിടങ്ങൾക്കെതിരെ സൈനിക നടപടികൾ തുടരുമെന്നും, ജനങ്ങളുടെ ജീവനും സ്വത്തുവകകളും സംരക്ഷിക്കാനും പ്രദേശത്ത് സമാധാനവും നിയമവാഴ്ചയും പുനഃസ്ഥാപിക്കാനും സർക്കാർ സേന പ്രതിജ്ഞാബദ്ധമാണെന്നും കേണൽ മാജിദ് അൽനുസൈലി കൂട്ടിച്ചേർത്തു.







