ന്യൂയോര്‍ക്ക് – ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു യു.എന്‍ ജനറല്‍ അസംബ്ലിയില്‍ പ്രസംഗിക്കുന്നതിനിടെ ഡസന്‍ കണക്കിന് രാജ്യങ്ങളുടെ പ്രതിനിധികള്‍ ഹാളില്‍ നിന്ന് കൂട്ടത്തോടെ ഇറങ്ങിപ്പോയെങ്കിലും മൂന്ന് അറബ് രാജ്യങ്ങളുടെ പ്രതിനിധികള്‍ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചു. നെതന്യാഹു വേദിയിലേക്ക് കയറിയപ്പോള്‍ 75 രാജ്യങ്ങളുടെ പ്രതിനിധികള്‍ കൂക്കിവിളികളോടെ യു.എന്‍ ജനറല്‍ അസംബ്ലി ഹാളില്‍ നിന്ന് പുറത്തുപോവുകയായിരുന്നു. എന്നാല്‍ മൂന്ന് അറബ് രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ നെതന്യാഹുവിന്റെ പ്രസംഗം ശ്രവിച്ച് തങ്ങളുടെ ഇരിപ്പിടങ്ങളില്‍ തുടര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ബഹിഷ്‌കരണത്തില്‍ പങ്കെടുക്കാത്ത രാജ്യങ്ങളുടെ പ്രതിനിധികള്‍ക്കൊപ്പം യു.എ.ഇ പ്രതിനിധിയും ഹാളില്‍ തന്നെ തുടര്‍ന്നതായി ഇസ്രായേലി മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. യു.എ.ഇ, ബഹ്റൈന്‍, മൊറോക്കോ എന്നീ അറബ് രാജ്യങ്ങളാണ് ബഹിഷ്‌കരണ രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടാതിരുന്നത്. സൗദി അറേബ്യ, ഈജിപ്ത്, ജോര്‍ദാന്‍, ഖത്തര്‍, കുവൈത്ത്, ഒമാന്‍, അള്‍ജീരിയ, തുനീഷ്യ, ഇറാഖ്, ലെബനോന്‍, സിറിയ, യെമന്‍ തുടങ്ങിയ നിരവധി അറബ് രാജ്യങ്ങള്‍ നെതന്യാഹുവിനെ യു.എന്നില്‍ ബഹിഷ്‌കരിച്ചു. യു.എന്‍ ജനറല്‍ അസംബ്ലിയുടെ 81-ാമത് സെഷനില്‍ നെതന്യാഹുവിനോടുള്ള വ്യാപകമായ പ്രതിഷേധത്തിന്റെ ഭാഗമായി നിരവധി അറബ്, ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഹാള്‍ വിട്ടുപോവുകയായിരുന്നു.
നെതന്യാഹുവിനെ ബഹിഷ്‌കരിക്കാതിരുന്ന മൂന്ന് അറബ് രാജ്യങ്ങളും ഇസ്രായേലുമായി നയതന്ത്രബന്ധം നിലനിര്‍ത്തുന്നു. 2020 ല്‍ യു.എ.ഇയും ബഹ്റൈനും ഇസ്രായേലുമായി ഔപചാരിക ബന്ധം സ്ഥാപിച്ചു. അതേ വര്‍ഷം തന്നെ മൊറോക്കോ ഇസ്രായേലുമായുള്ള നയതന്ത്രബന്ധം പുനരാരംഭിച്ചു. 2026 സെപ്റ്റംബറില്‍, എംബസികള്‍ തുറന്നും അംബാസഡര്‍മാരെ നിയമിച്ചും തങ്ങളുടെ നയതന്ത്ര പ്രാതിനിധ്യം മെച്ചപ്പെടുത്താന്‍ ഇരു രാജ്യങ്ങളും സമ്മതിച്ചു.
ഇറങ്ങിപ്പോയ പ്രതിനിധികള്‍ക്ക് ഇസ്രായേല്‍ പ്രധാനമന്ത്രി നിശിത വിമര്‍ശനത്തോടെ മറുപടി നല്‍കി. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് അദ്ദേഹം നന്ദി പറഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രസംഗത്തില്‍ ഗാസ, ഇറാന്‍, ഖത്തര്‍, തുര്‍ക്കി എന്നീ രാജ്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അഭിസംബോധന ചെയ്തു.







