ന്യൂദൽഹി- മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദൽഹിയിൽ വൻ പ്രതിഷേധം. ദൽഹിക്ക് പുറമെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രക്ഷോഭം കനക്കുകയാണ്. ദൽഹിയിൽ ഐസയുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നു. ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യണമെന്നും വിചാരണ ചെയ്യണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് ദൽഹിയിൽ വൻ പ്രതിഷേധമാണ് നടത്തുന്നത്. ഇതിന് പുറമെ ജമ്മു, ഡെറാഡൂൺ, കൊൽക്കത്ത, ലഖ്നൗ, ചണ്ഡീഗഡ്, ഡൽഹി തുടങ്ങിയ വിവിധ നഗരങ്ങളിൽ രാജ്യവ്യാപകമായി പ്രതിഷേധം ആരംഭിച്ചു. കനത്ത സുരക്ഷാ വ്യൂഹങ്ങൾക്കും വാട്ടർ പീരങ്കികൾക്കുമിടയിൽ പാർട്ടി പ്രവർത്തകർ തെരുവിലിറങ്ങി. പ്രശാന്ത് ഭൂഷൺ അടക്കമുള്ള നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു മാറ്റി. ദൽഹിയിൽ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന പ്രത്യേക തീവ്ര പരിഷ്കരണ നടപടികളുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ടെന്ന വിവരം പുറത്തുവന്നതിനെ തുടർന്നാണ് പ്രതിഷേധം കനത്തത്. തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ യജമാനന്മാരുടെ നിർദ്ദേശപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് രാഹുൽ ഗാന്ധിയും കോൺഗ്രസും ആരോപിച്ചു, ഭാരതീയ ജനതാ പാർട്ടിക്ക് (ബി.ജെ.പി) എതിരെ തെരഞ്ഞെടുപ്പ് അട്ടിമറി ആരോപണങ്ങൾ പ്രിയങ്ക ഗാന്ധി വധ്ര, രാഹുൽ ഗാന്ധി എന്നിവരുൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ആവർത്തിച്ചു.







