കോഴിക്കോട്- സൂപ്പർ ലീഗ് കേരള ക്ലബ് കാലിക്കറ്റ് എഫ്.സിയുടെ പ്രതിരോധനിര താരം റിജോൺ ജോസ് (29) വാഹനാപകടത്തിൽ മരിച്ചു. ഞായറാഴ്ച രാത്രി പത്തരയോടെ നടക്കാവ് മലബാർ ക്രിസ്ത്യൻ കോളജിന് സമീപമുള്ള മേൽപാലത്തിൽ വെച്ചായിരുന്നു അപകടം. തൃശൂർ സ്വദേശിയായ റിജോണിനൊപ്പം ബൈക്കിലുണ്ടായിരുന്ന സഹതാരം ഗനി അഹമ്മദ് നിഗമിനും പരിക്കേറ്റു.
വെള്ളിമാടുകുന്ന് ജെ.ഡി.റ്റി ഗ്രൗണ്ടിലെ പരിശീലനത്തിന് ശേഷം താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്നു താരങ്ങൾ. ഇതിനിടെ ഇവർ സഞ്ചരിച്ച ബൈക്ക് എതിർദിശയിൽ വന്ന മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. കനത്ത മഴയെത്തുടർന്ന് റോഡിൽ കാഴ്ച പരിമിതമായതും വാഹനം തെന്നിമാറിയതുമാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. രണ്ട് ബൈക്കുകളിലുമായി ഉണ്ടായിരുന്ന നാല് പേർക്കും പരിക്കേറ്റു.
ഉടൻ തന്നെ എല്ലാവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും റിജോൺ ജോസിന്റെ ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ പരിക്കേറ്റ മറ്റ് രണ്ട് പേരും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ സീസണിലും കാലിക്കറ്റ് എഫ്.സിക്കായി കളിച്ച റിജോൺ ജോസ്, ഫോഴ്‌സ കൊച്ചി, എഫ്.സി കേരള, എഫ്. സി ഡെക്കാൻ, വയനാട് യുണൈറ്റഡ്, ജോർജ് ടെലഗ്രാഫ് എന്നീ ക്ലബ്ബുകൾക്കായും ബൂട്ടണിഞ്ഞിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







