തെഹ്‌റാൻ: ഹോർമൂസ് കടലിടുക്കിന് മുകളിലൂടെ പറന്ന യു.എസ് ഓർബിറ്റർ ഡ്രോൺ തദ്ദേശീയ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് വെടിവെച്ചിട്ടതായി ഇറാൻ സൈന്യം അറിയിച്ചു. ഞായറാഴ്ച വൈകുന്നേരം പ്രാദേശിക സമയം 6:30 ഓടെയാണ് ഡ്രോൺ തകർത്തതെന്ന് ഇറാൻ വാർത്താ ഏജൻസിയായ ‘ഇർന’ റിപ്പോർട്ട് ചെയ്തു.
ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം വൻതോതിൽ രൂക്ഷമായി നിൽക്കുന്നതിനിടെയാണ് ഈ സംഭവം. ഇറാനെതിരെ വീണ്ടും ആക്രമണത്തിന് തയ്യാറെടുക്കാൻ ചില പ്രാദേശിക രാജ്യങ്ങളുടെ പിന്തുണയോടെ അമേരിക്ക പദ്ധതിയിടുന്നതായി വിവരമുണ്ടെന്ന് ഖാതം അൽ അൻബിയ സെൻട്രൽ മിലിട്ടറി ഹെഡ്ക്വാർട്ടേഴ്സ് വ്യക്തമാക്കി. യൂറോപ്യൻ രാജ്യത്ത് നടന്ന യോഗത്തിലാണ് ഇതിനുള്ള തീരുമാനമുണ്ടായതെന്നും ഇറാൻ ആരോപിച്ചു.
ഇറാനെതിരായ ഏതൊരു തെറ്റായ നീക്കത്തിനും നിയന്ത്രണങ്ങളോ ദയയോ ഇല്ലാതെ ശക്തമായ തിരിച്ചടി നൽകുമെന്ന് സൈനിക കേന്ദ്രം മുന്നറിയിപ്പ് നൽകി. മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങളെയും അവരുടെ താൽപ്പര്യങ്ങളെയും ലക്ഷ്യമിട്ട് തുടർച്ചയായ ആക്രമണങ്ങൾ നടത്തുമെന്നും, അമേരിക്കയെ പിന്തുണയ്ക്കുന്ന പ്രാദേശിക രാജ്യങ്ങളെ സംഘർഷത്തിലെ കക്ഷികളായി കണക്കാക്കുമെന്നും പ്രസ്താവനയിൽ പറയുന്നു. യുദ്ധത്തിനിടയിലുണ്ടായ സ്വന്തം പരാജയങ്ങൾ മറച്ചുവെക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്നും സൈന്യം കൂട്ടിച്ചേർത്തു.
അതേസമയം, തങ്ങളുടെ വ്യവസ്ഥകൾ പൂർണ്ണമായി പാലിക്കുകയും യു.എസ് വാഗ്ദാനങ്ങൾ നിറവേറ്റുകയും ചെയ്യുന്നതുവരെ ഹോർമൂസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ് പ്രഖ്യാപിച്ചു.
ഇറാൻ ഒരേസമയം സൈനികശക്തി ഉപയോഗിച്ച് പോരാടുകയും നയതന്ത്ര ചർച്ചകൾ നടത്തുകയും ചെയ്യേണ്ടതുണ്ടെന്ന് ഖാലിബാഫിനെ ഉദ്ധരിച്ച് ഫാർസ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ശരിയായ സമയത്ത് ശത്രുക്കളെ പ്രതിരോധിക്കാൻ സൈനിക ബലവും നയതന്ത്രവും ഒരുപോലെ ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.







