തെഹ്റാൻ: യെമനിൽ രൂക്ഷമാകുന്ന ആഭ്യന്തര സംഘർഷങ്ങളിൽ യാതൊരു പങ്കുമില്ലെന്ന് ഇറാൻ വിദേശ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായി അറിയിച്ചു. യെമനിലെ കാര്യങ്ങളിൽ ഇറാൻ ഇടപെടുന്നില്ലെന്ന് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയ അദ്ദേഹം, ഇറാനും മറ്റ് പ്രാദേശിക രാജ്യങ്ങളും തമ്മിൽ ഭിന്നതയുണ്ടാക്കാൻ ചില ശക്തികൾ ഈ സാഹചര്യം ദുരുപയോഗം ചെയ്യുകയാണെന്നും ആരോപിച്ചു.
അതേസമയം, ഹോർമുസ് കടലിടുക്ക് വിഷയം ചർച്ച ചെയ്യുന്നതിനായി തിങ്കളാഴ്ച ഒമാനിൽ വെച്ച് ഗൾഫ് രാജ്യങ്ങളുമായി നടത്താനിരുന്ന നിർണായക കൂടിക്കാഴ്ച മാറ്റിവെച്ചതായി ഇറാൻ അറിയിച്ചു.
അതിനിടെ, സൗദി സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യെമനിലെ ശക്തമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി ഹൂത്തി വിമതർ അവകാശപ്പെട്ടു. അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട യെമൻ സർക്കാരിനെതിരെ പോരാടുന്ന ഹൂത്തികൾ, കഴിഞ്ഞ ആഴ്ച യെമനിലെ ചെങ്കടൽ തീരത്തിന്റെയും തന്ത്രപ്രധാനമായ ബാബ് അൽമന്ദബ് കടലിടുക്കിന്റെയും നിയന്ത്രണം പിടിച്ചെടുത്തിരുന്നു. യു.എസ്-ഇറാൻ സംഘർഷം കാരണം ഹോർമുസ് കടലിടുക്കിലെ ഗതാഗതം തടസ്സപ്പെടുന്ന പശ്ചാത്തലത്തിൽ ഈ മേഖലയ്ക്ക് വലിയ പ്രാധാന്യമുണ്ട്.
ഡസൻ കണക്കിന് മിസൈലുകളും ഡ്രോണുകളുമാണ് സൗദിയെ ലക്ഷ്യമാക്കി തൊടുത്തുവിട്ടതെന്ന് ഹൂത്തികൾ അവകാശപ്പെട്ടു. ആക്രമണത്തെ തുടർന്ന് സൗദിയിലെ അതിർത്തി നഗരങ്ങളായ ഖമീസ് മുശൈത്തിലും അബഹയിലും സിവിൽ ഡിഫൻസ് ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നെങ്കിലും പിന്നീട് അപകടസാഹചര്യം ഒഴിഞ്ഞതായി പ്രഖ്യാപിച്ചു.







