റിയാദ്- 2026 സൗദി സൂപ്പർ കപ്പിന് കുവൈത്ത് വേദിയാകും. സൗദി അറേബ്യൻ ഫുട്‌ബോൾ ഫെഡറേഷൻ വേദിയും തിയ്യതിയും സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തി. ഗൾഫ് രാജ്യമായ കുവൈത്തിൽ ഇതാദ്യമായാണ് ഈ ടൂർണമെന്റ് നടക്കുന്നത്. 2026 ഡിസംബർ 19 മുതൽ 23 വരെ കുവൈത്തിലെ ജാബർ അൽ അഹമ്മദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലാകും മത്സരങ്ങൾ നടക്കുക.
അൽ നസ്ർ, അൽ അഹ്‌ലി, അൽ ഖാദിസിയ, അൽ ഖുലൂദ് എന്നീ നാല് പ്രമുഖ സൗദി ക്ലബ്ബുകളാണ് സൂപ്പർ കപ്പിൽ മാറ്റുരക്കുന്നത്.
ലണ്ടൻ, അബുദാബി, ഹോങ്കോങ് എന്നിവയ്ക്ക് ശേഷം സൗദി സൂപ്പർ കപ്പിന് ആതിഥേയത്വം വഹിക്കുന്ന എട്ടാമത്തെ അന്താരാഷ്ട്ര വേദിയാണ് കുവൈത്ത്. സൗദി ഫുട്‌ബോളിന്റെ ജനപ്രീതി മറ്റ് ഗൾഫ് രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
എ എഫ് സി ചാമ്പ്യൻസ് ലീഗ്- റൊണാൾഡോ യു.എ.ഇയിലേക്ക്
അൽ അഹ്‌ലിയാണ് സൗദി സൂപ്പർ കപ്പിലെ നിലവിലെ ചാമ്പ്യന്മാർ. ഹോങ്കോങ്ങിൽ വെച്ച് നടന്ന കഴിഞ്ഞ ടൂർണമെന്റിന്റെ ആവേശകരമായ ഫൈനലിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്‌റിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ (5-3) പരാജയപ്പെടുത്തിയാണ് അൽ അഹ്‌ലി കിരീടം ചൂടിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ട് ഗോളുകൾ വീതം നേടി സമനിലയിലായിരുന്നു.
അൽ അഹ്‌ലി ക്ലബ്ബിന്റെ ചരിത്രത്തിലെ രണ്ടാമത്തെ സൗദി സൂപ്പർ കപ്പ് കിരീടനേട്ടമാണിത്. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ തവണ ചാമ്പ്യന്മാരായിട്ടുള്ളത് അഞ്ച് കിരീടങ്ങൾ നേടിയിട്ടുള്ള അൽ ഹിലാലാണ്.







