മലപ്പുറം: മലപ്പുറം റിയാദീസ്’ സാംസ്‌കാരിക കൂട്ടായ്മയുടെ ലോഗോ മുഖ്യമന്ത്രി വി ഡി സതീശന്‍ ആലുവയില്‍ പ്രകാശനം ചെയ്തു. മലപ്പുറം ജില്ലയുടെ സാംസ്‌കാരിക പൈതൃകവും കലാസാഹിത്യ രംഗത്തെ വൈവിധ്യവും ഉയര്‍ത്തിപ്പിടിച്ച് റിയാദില്‍ പ്രവര്‍ത്തിക്കുന്ന ‘മലപ്പുറം റിയാദീസ്’ എന്ന സാംസ്‌കാരിക കൂട്ടായ്മയുടെ ലോഗോ ആണ് കേരള മുഖ്യമന്ത്രി വി ഡി സതീശന്‍ പ്രകാശനം ചെയ്തത്.
‘മലപ്പുറം റിയാദീസ്’ ഭാരവാഹികളും സാംസ്‌കാരിക സാമൂഹ്യ രംഗത്തെ നേതാക്കളുമായ കുന്നുമ്മല്‍ കോയ, സിദ്ധീഖ് കല്ലുപറമ്പന്‍, അബ്ദുസ്സമദ് കൊടിഞ്ഞി, ഉബൈദ് എടവണ്ണ എന്നിവരും പ്രവര്‍ത്തകരും എഴുത്തുകാരും കലാകാരന്മാരും സാമൂഹിക രംഗത്തെ പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു.
മലപ്പുറത്തിന്റെ ചരിത്രവും പാരമ്പര്യവും കലാസാഹിത്യ സംഭാവനകളും പുതിയ തലമുറയിലേക്ക് എത്തിക്കുന്നതിനും ജില്ലയിലെ സാംസ്‌കാരിക പ്രവര്‍ത്തകരെയും എഴുത്തുകാരെയും കലാകാരന്മാരെയും സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരെ ഒരുമിപ്പിക്കുന്നതിനുമാണ് ‘മലപ്പുറം റിയാദീസ്’ ലക്ഷ്യമിടുന്നത്.
മലപ്പുറത്തിന്റെ സാമൂഹികവും സാംസ്‌കാരികവുമായ സവിശേഷതകള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുക, കലാസാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുക, പുതുതലമുറയിലെ പ്രതിഭകളെ കണ്ടെത്തി വളര്‍ത്തിയെടുക്കുക, സംരംഭകത്വം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ വിവിധ പ്രവര്‍ത്തനങ്ങള്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പ്രവാസ ലോകത്തും കേരളത്തിലും മലപ്പുറവുമായി ബന്ധപ്പെട്ട സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും കൂട്ടായ്മ ലക്ഷ്യമിടുന്നു. മലപ്പുറത്തിന്റെ മതസൗഹാര്‍ദവും മാനവികതയും സാഹിത്യകലാ പാരമ്പര്യവും ജനകീയമായ സാംസ്‌കാരിക ഇടപെടലുകളിലൂടെ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് സംഘടനയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.
ലോഗോ പ്രകാശനം നിര്‍വഹിച്ചുകൊണ്ട് മുഖ്യമന്ത്രി കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. സാംസ്‌കാരിക രംഗത്തെ കൂട്ടായ്മകള്‍ സമൂഹത്തില്‍ സൗഹാര്‍ദവും സഹവര്‍ത്തിത്വവും വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.







