ജിസാൻ- ജിസാൻ മേഖലയിലെ തുവൽ ഗവർണറേറ്റിൽ ഹൂതി ഭീകരസംഘം നടത്തിയ ഷെല്ലാക്രമണത്തെ വിജയകരമായി പ്രതിരോധിച്ചതായി സൗദി സൈനിക വക്താവ് അറിയിച്ചു. ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേൽക്കുകയും ഒരു പള്ളിക്ക് പുറമെ ഏതാനും കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിടുന്നത് അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് വ്യക്തമാക്കിയ വക്താവ്, ഇത്തരം സംഭവങ്ങളിൽ സ്വീകരിക്കാറുള്ള തുടർനടപടികൾ നടപ്പിലാക്കിയിട്ടുണ്ടെന്നും വ്യക്തമാക്കി.
അതിനിടെ, സൗദി അറേബ്യയിലെ എണ്ണ പൈപ്പ്ലൈനിനു നേരെ നടന്ന ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന്, ഇറാനുമായുള്ള മൂന്ന് അതിര്‍ത്തി ക്രോസിംഗുകള്‍ ഇറാഖ് ശനിയാഴ്ച അടച്ചു. ഇറാഖില്‍ നിന്നാണ് ഡ്രോണുകള്‍ വിക്ഷേപിച്ചതെന്ന് സൗദി അറേബ്യയും ഇറാഖും വ്യക്തമാക്കിയിരുന്നു. ആക്രമണത്തിന് തൊട്ടുപിന്നാലെ, ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന മൈസാന്‍ പ്രവിശ്യയിലെ സൈനിക കമാന്‍ഡറെ ഇറാഖ് പ്രധാനമന്ത്രി അലി അല്‍സൈദി സ്ഥാനത്തുനിന്ന് നീക്കി. മൈസാനില്‍ നിന്നാണ് ഡ്രോണുകള്‍ വിക്ഷേപിച്ചതെന്ന് അധികൃതര്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഈ നടപടി.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. ഇറാന്‍ പിന്തുണയുള്ള ശക്തമായ ഇറാഖി സായുധ സംഘങ്ങളുടെ സഖ്യം തങ്ങള്‍ പൈപ്പ്ലൈന്‍ ആക്രമിച്ചിട്ടില്ലെന്ന് പ്രസ്താവിച്ചു. എന്നാല്‍ തങ്ങളുടെ എണ്ണ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ട് ഈ സംഘങ്ങള്‍ ആക്രമണങ്ങള്‍ നടത്തുന്നതായി സൗദി അറേബ്യ നേരത്തെ ആരോപിച്ചിട്ടുണ്ട്.
ഇറാനുമായുള്ള മൂന്ന് അതിര്‍ത്തി പാതകള്‍ അടക്കാന്‍ അധികൃതര്‍ ഉത്തരവിട്ടതായി ഇറാഖ് സുരക്ഷാ ഉദ്യോഗസ്ഥനും സര്‍ക്കാര്‍ പ്രതിനിധിയും എ.എഫ്.പിയോട് പറഞ്ഞു. ബസ്‌റ പ്രവിശ്യയിലെ ഷലാംഷെ, മൈസാനിലെ അല്‍ഷിബ്, മധ്യ പ്രവിശ്യയായ ദിയാലയിലെ അല്‍മന്ദലി എന്നിവയാണ് അടച്ച അതിര്‍ത്തി ക്രോസിംഗുകള്‍. ഇറാന്‍-ഇറാഖ് അതിര്‍ത്തിയിലെ മറ്റു ക്രോസിംഗുകള്‍ ഇപ്പോഴും തുറന്നുതന്നെ കിടക്കുന്നു.







