അൾജിയേഴ്സ്: യു.എ.ഇയുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചതിനെ തുടർന്ന് രാജ്യത്തെ വിമാനങ്ങൾക്ക് വ്യോമാതിർത്തി അടച്ചിടാൻ അൾജീരിയ തീരുമാനിച്ചു. 2026 സെപ്റ്റംബർ 11 മുതൽ യു.എ.ഇയിൽ രജിസ്റ്റർ ചെയ്ത സിവിലിയൻ, സൈനിക വിമാനങ്ങൾക്ക് വിലക്ക് നിലവിൽ വരുമെന്ന് അൾജീരിയൻ ദേശീയ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
അതേസമയം, അൾജിയേഴ്സിലെ ഹൗരി ബൗമെഡീൻ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നിലവിൽ സർവീസ് നടത്തുന്ന യു.എ.ഇ വാണിജ്യ സിവിലിയൻ വിമാനങ്ങൾക്ക് താൽക്കാലിക ഇളവുണ്ട്. നിലവിലുള്ള വ്യോമയാന കരാർ അവസാനിക്കുന്ന 2026 അവസാനം വരെ മാത്രമായിരിക്കും ഈ ഇളവ്.
യു.എ.ഇയുടെ ഭാഗത്തുനിന്നുണ്ടാകുന്ന നടപടികൾ ചൂണ്ടിക്കാട്ടിയാണ് അൾജീരിയ നയതന്ത്രബന്ധം വിച്ഛേദിച്ചത്. രാജ്യത്തുനിന്ന് പുറത്തുപോകാൻ യു.എ.ഇ അംബാസഡർക്ക് 48 മണിക്കൂർ സമയം നൽകിയിട്ടുണ്ട്. യു.എ.ഇ നടപടികളിൽ വലിയ രീതിയിൽ സംയമനം പാലിച്ചിരുന്നുവെന്നും, എന്നാൽ മറ്റ് വഴികളില്ലാത്തതിനാലാണ് ബന്ധം വേർപെടുത്തുന്നതെന്നും അൾജീരിയൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
അതേസമയം, അൾജീരിയയുടെ തീരുമാനം താൽക്കാലികമായിരിക്കുമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള സാഹോദര്യ ബന്ധം തിരികെ കൊണ്ടുവരാൻ സാധിക്കുമെന്നും യു.എ.ഇ വിദേശകാര്യ മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു.







