ന്യൂയോർക്ക്- സ്വയം വികസിക്കാൻ ശേഷിയുള്ള സൂപ്പർ ഇന്റലിജന്റ് എ.ഐ സംവിധാനങ്ങൾ മനുഷ്യരാശിയുടെ നിലനിൽപ്പിന് തന്നെ ഭീഷണിയായേക്കാമെന്ന് പ്രമുഖ എ. ഐ ഗവേഷകരുടെ മുന്നറിയിപ്പ്. ആന്ത്രോപിക്, ഓപ്പൺഎ.ഐ എന്നിവിടങ്ങളിൽ മൂന്ന് വർഷത്തെ പ്രീ-ട്രെയിനിംഗ് ഗവേഷണത്തിന് ശേഷം ആന്ത്രോപിക്കിൽ നിന്ന് രാജിവച്ചതായി പ്രഖ്യപിച്ചതിന് പിന്നാലെയാണ് ജേക്കബ് കോക്‌സണും അദ്ദേഹത്തിന്റെ സഹപ്രവർത്തകനായ ഇവാൻ ഹുബ്രിംഗറും ഗുരുതരമായ മുന്നറിയിപ്പ് നൽകിയത്. രാജിക്ക് പിന്നാലെ അന്താരാഷ്ട്ര മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇരുവരും.
നിർമ്മിത ബുദ്ധി വികസിപ്പിക്കുന്ന കമ്പനികൾ ഉത്തരവാദിത്തമില്ലാതെയാണ് മത്സരിക്കുന്നതെന്നും ഇത് മനുഷ്യന്റെ ജീവൻ വെച്ച് ചൂതാട്ടം നടത്തുന്നതിന് തുല്യമാണെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.
എ.ഐ സാങ്കേതികവിദ്യ മനുഷ്യവംശത്തെ മുഴുവൻ ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ ഇല്ലാതാക്കാൻ കെൽപുള്ളതാണ്. അടുത്ത പത്ത് വർഷത്തിനുള്ളിൽ എ.ഐ കാരണം മനുഷ്യൻ പൂർണ്ണമായി ഇല്ലാതാകാനുള്ള സാധ്യത 10 ശതമാനത്തിലധികം ഉണ്ടെന്നാണ് തന്റെ വ്യക്തിപരമായ കണക്കുകൂട്ടലെന്ന് ഹുബ്രിംഗർ പറഞ്ഞു.
മനുഷ്യനേക്കാൾ ബുദ്ധിയുള്ള സംവിധാനങ്ങൾ സ്വയം പരിഷ്‌കരിച്ചുകൊണ്ട് മുന്നേറുമ്പോൾ അവയെ നിയന്ത്രിക്കാൻ മനുഷ്യന് സാധിക്കാതെ വരും. ഭാവിയിൽ വരുന്ന ഇത്തരം അതിശക്തമായ സിസ്റ്റങ്ങൾക്ക് എന്ത് സിസ്റ്റവും ഹാക്ക് ചെയ്യാനും, തനിയെ വിഭവങ്ങൾ കൈക്കലാക്കാനും സാധിക്കും.
ഭാവിയിൽ വലിയ ദുരന്തങ്ങൾ ഒഴിവാക്കാൻ ഇത്തരം അത്യാധുനിക അക സാങ്കേതികവിദ്യകളുടെ വികസനം താൽക്കാലികമായി പതുക്കെയാക്കണമെന്നും അന്താരാഷ്ട്ര തലത്തിൽ ശക്തമായ നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്നും ഇരുവരും ആവശ്യപ്പെട്ടു.







