കൊച്ചി- ഇന്ത്യയെന്ന മതേതര രാജ്യത്ത് അവരവരുടെ മതം പറയാനും പ്രചരിപ്പിക്കാനുമുള്ള അവകാശം എല്ലാ പൗരൻമാർക്കും ഭരണഘടന ഉറപ്പുനല്കുന്നുണ്ടെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. സ്ത്രീകളുടെ കാര്യം പറയാൻ കാന്തപുരത്തിന് എന്താ അധികാരം എന്നു ചോദിക്കുന്നവരോട്, ഞങ്ങൾ മതത്തെ പഠിച്ചവരാണെന്നും മതം പറയൽ നിർബന്ധമാണ്. അതു നിർത്താൻ ആർക്കും കഴിയില്ലെന്നും കാന്തപുരം വ്യക്തമാക്കി.
കേരളത്തിലെ മുസ്ലിം ബഹുജനങ്ങളുടെ പണ്ഡിത കൂട്ടായ്മ എന്ന നിലയില്‍ ഇസ്ലാം മത വിശ്വാസികള്‍ പുലര്‍ത്തേണ്ട വിശ്വാസ കാര്യങ്ങളെ കുറിച്ചും ജീവിതരീതിയെ കുറിച്ചും അവരെ ബോധവത്കരിക്കാന്‍ സമസ്തക്കും അതിന്റെ നേതാക്കള്‍ക്കും അവകാശവും സ്വാതന്ത്ര്യവും ഉണ്ട്. ആ നിലയില്‍ ഇസ്ലാമിക മൂല്യങ്ങളെ കുറിച്ച് ഞങ്ങള്‍ ഞങ്ങളുടെ അണികളോടും മഹല്ലുകളോടും ഉണര്‍ത്തുമ്പോള്‍ മറ്റുള്ളവര്‍ വിറളി പിടിക്കുന്നത് എന്തിനാണെന്നും കാന്തപുരം ചോദിച്ചു.
മറ്റ് മതങ്ങളുടെ വിശ്വാസ കാര്യങ്ങളിലോ പാര്‍ട്ടികളുടെയോ ആഭ്യന്തര കാര്യങ്ങളിലോ ഞങ്ങള്‍ ഇടപെടാറുണ്ടോ? ഞങ്ങള്‍ ഞങ്ങളുടെ വിശ്വാസം ഇനിയും ഇവിടെ പറയും. വിശ്വാസികളെ ആത്മീയമായും ധാര്‍മികമായും നവീകരിക്കാന്‍ തന്നെയാണ് മത പണ്ഡിതരും സമസ്തയുമൊക്കെ പ്രവര്‍ത്തിക്കുന്നത്. മത വിശ്വാസവും ആത്മീയ ബോധവും ധാര്‍മിക അച്ചടക്കവും പറയാനും പ്രചരിപ്പിക്കാനും പാടില്ല എന്നത് ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണെന്നും കാന്തപുരം പറഞ്ഞു.
ഇസ്ലാം മതത്തിലെ സ്ത്രീകളുടെ കാര്യമാണ് പറഞ്ഞത്. ഇത് പറയുമ്പോൾ മറ്റു ചിലർ വന്ന് കാന്തപുരത്തിന് എന്താണ് അധികാരം എന്നാണ് ചോദിക്കുന്നത്. വേറെ ഏതെങ്കിലും മതത്തിലെ കാര്യം പറയുന്നില്ല. മറ്റു മതക്കാർക്ക് അവരുടെ ആരാധന. ഞങ്ങൾ ആരും അവരെ എതിർക്കുന്നില്ല. മുസ്ലിം സമുദായത്തോട് പറയാനുള്ള അവകാശം ഞങ്ങൾക്കുണ്ട്. അത് നിർത്തിക്കളയാൻ ആർക്കുമാകില്ല. ആരെങ്കിലും അവിടെയും ഇവിടെയും ഇരുന്ന് പറയുന്നത് കേട്ട് ഞങ്ങൾ പേടിച്ചോടി പോകും എന്നാരും വിചാരിക്കേണ്ടതില്ലെന്നും കാന്തപുരം പറഞ്ഞു.







