റിയാദ്: നോര്‍ക്ക റൂട്‌സ് പ്രവാസികള്‍ക്കായി നടപ്പിലാക്കുന്ന വിവിധ ക്ഷേമപദ്ധതികളെക്കുറിച്ച് വിശദീകരിക്കുന്ന ബോധവല്‍ക്കരണ ക്ലാസ് റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബത്ഹ കെഎംസിസി ഓഫീസില്‍ സംഘടിപ്പിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ആക്റ്റിംഗ് സെക്രട്ടറി ഷാഫി മാസ്റ്റര്‍ തുവ്വൂര്‍ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാന്‍ അലി പാലത്തിങ്ങല്‍ ഉദ്ഘാടനം ചെയ്തു.
നോര്‍ക്ക അംഗത്വം, നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ്, നോര്‍ക്ക കെയര്‍ പ്ലസ് ഇന്‍ഷുറന്‍സ് പദ്ധതി, പ്രവാസി ക്ഷേമനിധി തുടങ്ങിയ വിഷയങ്ങളില്‍ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി നോര്‍ക്ക സമിതി ജനറല്‍ കണ്‍വീനര്‍ ഫൈസല്‍ പൂനൂര്‍ ക്ലാസെടുത്തു. പങ്കെടുക്കാനെത്തിയവരുടെ സംശയങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കി.


മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത പുതിയ നോര്‍ക്ക കെയര്‍ പ്ലസ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ സെപ്റ്റംബര്‍ 18 വരെ അംഗത്വമെടുക്കാം. അഞ്ച് ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ പരിരക്ഷ ലഭിക്കുന്ന പദ്ധതിയില്‍ 18 മുതല്‍ 70 വയസ്സുവരെയുള്ള പ്രവാസികള്‍ക്ക് അംഗങ്ങളാകാം. 80 വയസ്സിന് താഴെയുള്ള മാതാപിതാക്കളെയും രണ്ടു കുട്ടികളില്‍ കൂടുതലുള്ള പ്രവാസി കുടുംബങ്ങളിലെ കുട്ടികളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കും. ഓണ്‍ലൈന്‍ വഴി ഇതിന്റെ അംഗത്വ നടപടികള്‍ പൂര്‍ത്തിയാക്കാം. കേരളത്തിലെ നൂറുകണക്കിന് ആശുപത്രികളില്‍ ഈ പദ്ധതി വഴി ചികിത്സാസൗകര്യം ലഭ്യമാണ്.
സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ഷമീര്‍ പറമ്പത്ത് സ്വാഗതവും ബഷീര്‍ ഇരുമ്പുഴി നന്ദിയും പറഞ്ഞു. സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ അഷ്‌റഫ് വെള്ളേപ്പാടം, സത്താര്‍ താമരത്ത്, അസീസ് വെങ്കിട്ട, ജലീല്‍ തിരൂര്‍, സിറാജ് മേടപ്പില്‍, ഷംസു പെരുമ്പട്ട, റഫീഖ് മഞ്ചേരി എന്നിവര്‍ സംസാരിച്ചു.
നോര്‍ക്ക സമിതി അംഗങ്ങളായ ബഷീര്‍ ചുള്ളിക്കോട്, ഹനീഫ മൂര്‍ക്കനാട്, നിഷാദ് കരിപ്പൂര്‍, നസീര്‍ കണ്ണീരി, സുധീര്‍ വയനാട്, യൂനുസ് തോട്ടത്തില്‍, അസീസ് വയനാട്, ഹാരിസ് ആലപ്പുഴ, ലത്തീഫ് കട്ടിപ്പാറ, നൗഫല്‍ ചാപ്പപ്പടി, ഷബീര്‍ മണ്ണാര്‍ക്കാട് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.







