വാഷിംഗ്ടണ്‍: ഇറാനില്‍ യു.എസ് നടത്തിയ ആക്രമണങ്ങള്‍ ഉന്നത നേതാക്കളുടെ ജീവനെടുത്തുവെങ്കിലും ഭരണകൂടത്തെ അട്ടിമറിക്കുന്നതിലും ട്രംപ് ഭരണകൂടം ലക്ഷ്യമിട്ട ഫലം കൊയ്യുന്നതിലും പരാജയപ്പെട്ടതായി മുന്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്.
ഇറാന്റെ പരമോന്നത നേതാവ് ഉൾപ്പെടെയുള്ള പ്രമുഖരുടെ വിവരങ്ങള്‍ ശേഖരിക്കാനും ആക്രമണങ്ങളിലൂടെ അവരെ വധിക്കാനും യു.എസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് കഴിഞ്ഞു. എന്നാൽ ഇത്തരത്തിൽ നേതൃത്വത്തെ ഇല്ലാതാക്കിയതുകൊണ്ട് മാത്രം ഇറാന് കീഴടങ്ങുമെന്ന ട്രംപിന്റെ കണക്കുകൂട്ടല്‍ തന്ത്രപരമായ പിഴവായിരുന്നുവെന്ന് ഹിലരി ചൂണ്ടിക്കാട്ടി. പുരോഹിതന്മാര് പ്രതീകാത്മക വ്യക്തികള്‍ മാത്രമാണെന്നും യഥാര്‍ത്ഥ അധികാരം രാജ്യത്തെ സൈനിക സ്ഥാപനങ്ങളിലും റെവല്യൂഷണറി ഗാര്ഡിലുമാണ് കേന്ദ്രീകരിച്ചിരിക്കുന്നതെന്നും ഇറാഖ് യുദ്ധകാലത്തെ പ്രതിരോധശേഷി ഉദ്ധരിച്ച് അവര്‍ വ്യക്തമാക്കി.
ഇറാനുമായുള്ള ഏറ്റുമുട്ടലും ഗള്‍ഫ് സഖ്യകക്ഷികള്‍ക്ക് ആയുധം നല്കിയതും അമേരിക്കയുടെ ആയുധശേഖരം ക്ഷയിപ്പിച്ചു. ഇത് ഭാവിയിലെ മറ്റ് ഭീഷണികളെ നേരിടാനുള്ള യു.എസിന്റെ ശേഷിയെ പരിമിതപ്പെടുത്തുമെന്നും ഹിലരി മുന്നറിയിപ്പ് നല്കി. കൂടാതെ, ഇറാൻ എണ്ണയുടെ പ്രധാന ഉപഭോക്താക്കളായ ഇന്ത്യയും ചൈനയും വഴി ഇറാനു മേല്‍ സാമ്പത്തിക-നയതന്ത്ര സമ്മര്‍ദ്ദം ശക്തമാക്കണമെന്നും സംഘര്‍ഷം ലഘൂകരിക്കുന്നതില്‍ ഇരുരാജ്യങ്ങള്‍ക്കും നിര്‍ണായക പങ്ക് വഹിക്കാനാകുമെന്നും ഹിലരി കൂട്ടിച്ചേർത്തു.







