തെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് ഗതാഗതത്തിനായി തുറന്നുകൊടുക്കാനും പ്രോക്സി ആക്രമണങ്ങൾ അവസാനിപ്പിക്കാനും തയ്യാറായാൽ ഇറാനെതിരെയുള്ള നാവിക-സാമ്പത്തിക ഉപരോധങ്ങൾ പിൻവലിക്കാമെന്ന് അമേരിക്ക വാഗ്ദാനം ചെയ്തതായി സൂചന. കഴിഞ്ഞ ദിവസം തെഹ്‌റാൻ സന്ദർശിച്ച പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ ആസിം മുനീറാണ് യു.എസിന്റെ ഈ സന്ദേശം ഇറാൻ നേതൃത്വത്തെ അറിയിച്ചതെന്നാണ് ഉന്നത വൃത്തങ്ങൾ നൽകുന്ന വിവരം. വിഷയത്തിൽ ആഭ്യന്തര കൂടിയാലോചനകൾക്ക് ശേഷം ഉടൻ തന്നെ മറുപടി അറിയിക്കാമെന്ന് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മേജർ ജനറൽ മുഹ്സിൻ റെസായി പാക് സൈനിക മേധാവിയെ അറിയിച്ചിട്ടുണ്ട്.
പാകിസ്ഥാന്റെ നിർണ്ണായക നയതന്ത്ര ഇടപെടൽ
യു.എസും ഇറാനും തമ്മിലുള്ള സംഘർഷത്തിന് പരിഹാരം കാണാനും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനും ലക്ഷ്യമിട്ടായിരുന്നു പാക് സൈനിക മേധാവി ഫീൽഡ് മാർഷൽ ആസിം മുനീറും ആഭ്യന്തര മന്ത്രി മുഹ്സിൻ നഖ്വിയും ഉൾപ്പെട്ട സംഘത്തിന്റെ ഏകദിന ഇറാൻ സന്ദർശനം.
പാക് സൈനിക മേധാവിയുടെ സന്ദർശനം തികച്ചും ഫലപ്രദവും വിലപ്പെട്ട നയതന്ത്ര നേട്ടങ്ങൾ നിറഞ്ഞതുമായിരുന്നുവെന്ന് ഇറാൻ പ്രസിഡന്റിന്റെ മാധ്യമ ഉപദേഷ്ടാവ് മെഹ്ദി തബതബായി എക്സിൽ (X) കുറിച്ചു. സന്ദർശനത്തിന്റെ അനുകൂല ഫലങ്ങൾ ഉടൻ തന്നെ ദൃശ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സന്ദർശനത്തിനിടെ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ്, വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ജി, ആഭ്യന്തര മന്ത്രി എസ്കന്ദർ മൊമെനി, സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മേജർ ജനറൽ മുഹ്സിൻ റെസായി എന്നിവരുമായി പാക് സംഘം സമഗ്രമായ ചർച്ചകൾ നടത്തി. സംഘർഷം കൂടുതൽ വഷളാകുന്നത് തടയുന്നതിനും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുമാണ് ചർച്ചയിൽ മുൻഗണന നൽകിയതെന്ന് പാകിസ്ഥാൻ മിലിട്ടറി പബ്ലിക് റിലേഷൻസ് വിഭാഗം വാർത്താക്കുറിപ്പിൽ അറിയിച്ചു.
അമേരിക്ക നിലപാട് തിരുത്തണമെന്ന് ഇറാൻ
അന്താരാഷ്ട്ര നിയമങ്ങൾക്കും മാനദണ്ഡങ്ങൾക്കും അനുസൃതമായി ഇറാനോടുള്ള പ്രതിബദ്ധതകൾ പാലിക്കാൻ അമേരിക്ക തയ്യാറാകണമെന്ന് പാക് സൈനിക മേധാവിയുമായുള്ള കൂടിക്കാഴ്ചയിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി. ഭീഷണിയുടെയും ധാർഷ്ട്യത്തിന്റെയും ഭാഷ ഉപേക്ഷിച്ച് ഇറാനോടുള്ള സമീപനം തിരുത്താൻ യു.എസ് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നേരത്തെ ഒപ്പുവെച്ച ധാരണാപത്രത്തിലെ വ്യവസ്ഥകൾ പാലിക്കാൻ അമേരിക്ക ബാധ്യസ്ഥരാണെന്ന് പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫും ഓർമ്മിപ്പിച്ചു.







