ജിദ്ദ: സൗദി അറേബ്യയിൽ ഫുഡ് ഡെലിവറി മേഖലയിൽ ജോലി ചെയ്യുന്ന മുഴുവൻ ജീവനക്കാർക്കും ഹെൽത്ത് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി നഗരസഭാ-ഭവനകാര്യ മന്ത്രാലയം. ഫുഡ് ഡെലിവറി ഡ്രൈവർമാർക്ക് ആവശ്യമായ ഹെൽത്ത് സർട്ടിഫിക്കറ്റുകൾ ഇലക്ട്രോണിക് പ്ലാറ്റ്ഫോം വഴി ലഭ്യമാക്കുന്ന സേവനത്തിന് മന്ത്രാലയം തുടക്കം കുറിച്ചു. ഉപഭോക്താക്കളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും ഭക്ഷ്യമേഖലയിലെ ശുചിത്വ മാനദണ്ഡങ്ങൾ ഉയർത്തുന്നതിനുമാണ് ഈ തീരുമാനം.
ഹെൽത്ത് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ജീവനക്കാർ പ്രധാനമായും രണ്ട് ഘട്ടങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്:
- വൈദ്യപരിശോധന: മന്ത്രാലയം അംഗീകരിച്ച മെഡിക്കൽ സെന്ററുകളിൽ നേരിട്ടെത്തി വൈദ്യപരിശോധന പൂർത്തിയാക്കുക.
- ഡിജിറ്റൽ അപേക്ഷ: പരിശോധനയ്ക്ക് ശേഷം മന്ത്രാലയത്തിന്റെ ഔദ്യോഗിക ‘ബലദി’ (Balady) ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി സർട്ടിഫിക്കറ്റിനായി അപേക്ഷ സമർപ്പിക്കുകയും ഇ-സർട്ടിഫിക്കറ്റ് കൈപ്പറ്റുകയും ചെയ്യുക.
ഉയർന്ന ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പുവരുത്തുന്നതിനും പകർച്ചവ്യാധികൾ പകരുന്നത് തടയുന്നതിനും ഈ പരിഷ്കാരം ഏറെ ഉപകരിക്കും. ‘എല്ലാവർക്കും ആരോഗ്യവും സുരക്ഷയും’ എന്ന സന്ദേശമുയർത്തി ആരംഭിച്ച ഈ സംരംഭം, രാജ്യത്തെ ഓൺലൈൻ ഫുഡ് ഡെലിവറി മേഖലയോടുള്ള ഉപഭോക്താക്കളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നും മന്ത്രാലയം പ്ര പ്രസ്താവനയിൽ വ്യക്തമാക്കി.







