റിയാദ്: സൗദി അറേബ്യയുടെ നയതന്ത്ര ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ച് വഫാ ബിന്‍ത് അബ്ദുല്ല അല്‍മര്‍സൂഖി ആദ്യത്തെ വനിതാ കോണ്‍സല്‍ ജനറലായി ചുമതലയേറ്റു. അമേരിക്കയിലെ ഹൂസ്റ്റണിലാണ് അവർ സൗദി കോണ്‍സല്‍ ജനറലായി നിയമിതയായത്. റിയാദിലെ വിദേശ മന്ത്രാലയ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനു മുമ്പാകെ വഫാ അല്‍മര്‍സൂഖി ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്തു.
ഇസ്ലാം മതത്തോടും രാജാവിനോടും രാജ്യത്തോടും പൂർണ്ണ വിശ്വസ്തത പുലര്‍ത്തുമെന്നും, രാജ്യത്തിന്റെ രഹസ്യങ്ങൾ കാത്തുസൂക്ഷിക്കുമെന്നും, സ്വദേശത്തും വിദേശത്തും സൗദിയുടെ താല്‍പ്പര്യങ്ങളും നിയമങ്ങളും സംരക്ഷിച്ചുകൊണ്ട് സത്യസന്ധതയോടെയും ആത്മാര്‍ഥതയോടെയും കടമകള്‍ നിര്‍വഹിക്കുമെന്നും സര്‍വ്വശക്തനായ ദൈവത്തിന്റെ നാമത്തിൽ വഫാ അല്‍മര്‍സൂഖി സത്യം ചെയ്തു.
റിയാദിൽ നടന്ന ചടങ്ങിൽ രണ്ട് പുതിയ കോണ്‍സല്‍ ജനറലുമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. വഫാ അല്‍മര്‍സൂഖിക്ക് പുറമെ, ഇറാഖിലെ എര്‍ബിലില്‍ കോണ്‍സല്‍ ജനറലായി ചുമതലയേറ്റ ഡോ. സുല്‍ത്താന്‍ ബിന്‍ ഫറാജ് അല്‍നാഫിലും സത്യപ്രതിജ്ഞ ചെയ്തു. വിദേശകാര്യ സഹമന്ത്രി അബ്ദുല്‍ഹാദി അല്‍മന്‍സൂരി, ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഡിപ്ലോമാറ്റിക് കോര്‍പ്സ് അഫയേഴ്സ് ഡയറക്ടര്‍ ജനറല്‍ അലി ബിന്‍ അബ്ദുല്ല അല്‍ശഹ്രി തുടങ്ങിയ പ്രമുഖരും ഈ ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ പങ്കെടുത്തു.
നയതന്ത്ര സാമ്രാജ്യത്തിലും ഭരണ നേതൃത്വത്തിലും സൗദി വനിതകളുടെ സാന്നിധ്യം കൂടുതൽ ശക്തമാകുന്നതിന്റെ തെളിവാണ് ഈ ചരിത്ര നിയമനം. അമേരിക്ക അടക്കമുള്ള വിവിധ പാശ്ചാത്യ രാജ്യങ്ങളിൽ അംബാസഡർമാരായി മുൻപ് സൗദി വനിതകൾ നിയമിതരായിട്ടുണ്ടെങ്കിലും (വർഷങ്ങളായി റീമ ബിന്‍ത് ബന്ദര്‍ രാജകുമാരിയാണ് അമേരിക്കയിലെ സൗദി അംബാസഡർ) സൗദിയുടെ ചരിത്രത്തിൽ ഒരു വനിത കോണ്‍സല്‍ ജനറലാവുന്നത് ഇതാദ്യമാണ്. വിഷൻ 2030-ന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ മേഖലകളിൽ വനിതാ പങ്കാളിത്തം വർധിച്ചുവരുന്നതിന്റെ വലിയൊരു പ്രതിഫലനമാണ് ഈ തീരുമാനം.







