ജിദ്ദ: ഹോർമുസ് കടലിടുക്കിലും ബാബ് അൽമന്ദബ് കടലിടുക്കിലും ചെങ്കടലിലും കപ്പലുകൾക്ക് സുരക്ഷ ഒരുക്കാനും ആക്രമണങ്ങൾ തടയാനും ലക്ഷ്യമിട്ട് സൗദി അറേബ്യയുടെ നേതൃത്വത്തിൽ രൂപീകരിച്ച ബഹുരാഷ്ട്ര നാവിക പ്രതിരോധ സഖ്യത്തിൽ ചേരാൻ കൂടുതൽ രാജ്യങ്ങൾ രംഗത്ത്. ജിദ്ദയിൽ നടന്ന സഖ്യത്തിന്റെ മൂന്നാമത്തെ ആസൂത്രണ യോഗത്തിൽ 39 രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്തു. ബഹുരാഷ്ട്ര സേന പ്രവർത്തനസജ്ജമാകുന്നതിന്റെ നിർണായക പുരോഗതി വിലയിരുത്തുകയും ചെയ്തു.
സൗദി വെസ്റ്റേൺ ഫ്ലീറ്റ് കമാൻഡിൽ നടന്ന യോഗത്തിൽ സഖ്യ രൂപീകരണത്തിൽ പങ്കാളികളായ വിവിധ രാജ്യങ്ങൾ ഒത്തുകൂടി. സംയുക്ത പ്രസ്താവനയിൽ ഇതിനകം പതിനഞ്ച് രാജ്യങ്ങൾ ഒപ്പുവെച്ചിട്ടുണ്ട്. ഇതിൽ 13 രാജ്യങ്ങൾ ആഭ്യന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കി ഔദ്യോഗികമായി സഖ്യത്തിൽ ചേർന്നു. മറ്റു രാജ്യങ്ങൾ ദേശീയ അംഗീകാര നടപടികൾ പൂർത്തിയാക്കിവരികയാണ്. സഖ്യത്തിന്റെ രൂപരേഖ തയ്യാറാക്കുന്നതിൽ നിന്നും, പ്രവർത്തന കമാൻഡ് നിർമ്മിക്കുന്നതിലേക്കും സൈനിക ശേഷികളെ സംയോജിപ്പിക്കുന്നതിലേക്കുമുള്ള സുപ്രധാന മാറ്റമാണ് ഈ യോഗം അടയാളപ്പെടുത്തുന്നതെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
സഖ്യസേനാ കമാൻഡറായി സൗദി പ്രതിനിധിയെയും, ആദ്യ ടേമിലെ ഡെപ്യൂട്ടി കമാൻഡറായി പാകിസ്ഥാൻ പ്രതിനിധിയെയും നിയമിക്കാനുള്ള ധാരണയായിട്ടുണ്ട്. ആസ്ഥാനം നിർണയിക്കൽ, ലോഗോ അംഗീകരിക്കൽ, പ്രവർത്തനങ്ങൾക്ക് ആവശ്യമായ ചട്ടക്കൂടുകളുടെയും മാനുവലുകളുടെയും പൂർത്തീകരണം എന്നിവയും യോഗം വിലയിരുത്തി. അംഗരാജ്യങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരെ ജോയിന്റ് കമാൻഡ് ആന്റ് സ്റ്റാഫ് ഘടനയിലേക്കും മാരിടൈം ഓപ്പറേഷൻസ് ആന്റ് കോർഡിനേഷൻ സെന്ററിലേക്കും ഇന്റലിജൻസ് സെന്ററിലേക്കും ഉൾപ്പെടുത്തുന്നതോടെ സഖ്യത്തിന്റെ പ്രതിരോധ ദൗത്യങ്ങൾ കൂടുതൽ ശക്തിപ്പെടും.
കൂട്ടായ നാവിക സുരക്ഷ ഉറപ്പാക്കുക, നാവിഗേഷൻ സ്വാതന്ത്ര്യവും സുപ്രധാന ജലപാതകളും സംരക്ഷിക്കുക, അന്താരാഷ്ട്ര വ്യാപാരത്തിന്റെയും ആഗോള വിതരണ ശൃംഖലയുടെയും തുടർച്ച നിലനിർത്തുക എന്നിവയാണ് ഈ സഖ്യത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. അന്താരാഷ്ട്ര നിയമങ്ങൾക്ക് വിധേയമായി മേഖലയുടെ സമാധാനവും സുസ്ഥിരതയും കാത്തുസൂക്ഷിക്കാൻ പങ്കാളിത്ത രാജ്യങ്ങൾ പ്രതിജ്ഞാബദ്ധമാണെന്ന് ഈ നീക്കം വ്യക്തമാക്കുന്നു.







