തിരുവനന്തപുരം: കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലേക്ക് എത്തിക്കുമെന്ന് പറഞ്ഞ് റിപ്പോർട്ടർ ചാനൽ മേധാവി ആന്റോ അഗസ്റ്റിന്റെ നേതൃത്വത്തിൽ നടന്നത് വൻ കൊള്ള. ഇതു സംബന്ധിച്ച് കായിക വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. മലയാള മനോരമയാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്. അർജന്റീന ഫുട്ബോൾ അസോസിയേഷന് (എഫ്.എഫ്എ) ഒന്നരക്കോടി യുഎസ് ഡോളർ (അന്നത്തെ മൂല്യം 126 കോടി രൂപ) നൽകിയെന്ന് സ്പോൺസറായ റിപ്പോർട്ട് ബ്രോഡ്കാസ്റ്റിംഗ് കമ്പനി അവകാശപ്പെടുമ്പോൾ, പണം അയച്ചതിന്റെയും പണം ടീം കൈപ്പറ്റിയതിന്റെയും ഒരു രേഖയുമില്ല. അർജന്റീന ഫുട്ബോൾ അസോസിയേഷനും സംസ്ഥന സർക്കാരും തമ്മിൽ കരാർ ഒപ്പുവെച്ചതിന്റെയോ സ്പോൺസറും സർക്കാരും തമ്മിൽ കരാറില്ലെന്നിരിക്കെ പണം കൈമാറിയതിന്റെ രേഖകളും ഇല്ല. വിദേശ നാണ്യ വിനിമയ ചട്ടം, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയിൽ വിജിലൻസ്, കേന്ദ്ര ഏജൻസി അന്വേഷണങ്ങൾ കൂടി ശിപാർശ ചെയ്യുന്ന റിപ്പോർട്ടാണ് കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ.പ്രശാന്ത് നൽകിയത്. ഇതു തുടർനടപടികൾക്കായി മുഖ്യമന്ത്രിക്ക് കൈമാറി.
യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏജൻസി വഴി പണം കൈമാറ്റം നടത്താനാണ് സ്പോൺസർ സംസ്ഥാന സർക്കാർ മുഖേന കേന്ദ്രാനുമതി തേടിയത്. ഈ ഏജൻസി യുഎസിൽ സാമ്പത്തിക കുറ്റകൃത്യ അന്വേഷണം നേരിടുന്നതാണെന്നു റിപ്പോർട്ടിൽ പറയുന്നു. വിദേശത്തേക്ക് പണം അയച്ചത് കൊണ്ട് സംസ്ഥാന സർക്കാർ മുഖേന കേന്ദ്രാനുമതി നേടിയതിന്റെയോ സ്പോൺസർ പിന്നീട് പണം കൈമാറിയതിന്റെയോ രേഖകളൊന്നുമില്ല. അർജന്റീന ടീമിന്റെ സന്ദർശന നിബന്ധനകളുടെ കരാർ ലംഘനത്തിന് സ്പോൺസർക്ക് എൽഡിഎഫ് സർക്കാർ 2 തവണ നോട്ടിസ് അയച്ചിരുന്നു. മെസ്സി എത്തുമെന്ന് മുൻ കായികമന്ത്രി വി.അബ്ദുറഹിമാൻ പ്രഖ്യാപിച്ചത് 2023 ജൂലൈയിലാണ്.
ആ കത്തയച്ചതും സ്പോൺസർ തന്നെ?
അർജന്റീന ടീമിനെ കൊണ്ടുവരാൻ തയ്യാറാണെന്നും അതിന് മുഴുവൻ സാമ്പത്തിക സഹായം നൽകണമെന്നും അറിയിച്ച് കളമശ്ശേരി ആസ്ഥാനമായ ഗോട്ട് ആഡ് ഗ്ലോബൽ എന്ന സ്ഥാപനമാണ് 2023 ജൂലൈയിൽ സർക്കാരിന് ആദ്യ കത്ത് അയച്ചത്. അതിന് 20 ദിവസം മുൻപ് മാത്രമാണ് ഈ സ്ഥാപനം രജിസ്റ്റർ ചെയ്തതെന്നും ഒരു ലക്ഷം രൂപ മാത്രമായിരുന്നു അന്നത്തെ മൂല്യമെന്നും സെക്രട്ടറിയുടെ അന്വേഷണത്തിൽ കണ്ടെത്തി. പിന്നീട് സ്പോൺസറായെത്തിയ റിപ്പോർട്ട് ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ അതേ മേൽവിലാസമാണ് ഗോട്ട് ആന്റ് ഗ്ലോബൽ സ്ഥാപനത്തിന്റെതും. ടെൻഡറില്ലാതെ ഏകപക്ഷീയമായി സ്പോൺസറെ കണ്ടെത്തിയതിലെ വീഴ്ചയും പരാമർശിക്കുന്നുണ്ട്.
സ്പെയിനിലേക്ക് പോയതും വിവാദം
അർജന്റീന ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കാനെന്ന പേരിൽ മുൻകായികമന്ത്രി വി.അബ്ദുറഹിമാൻ 2024 സെപ്റ്റംബറിൽ സ്പെയിനിലേക്ക് നടത്തിയ യാത്രയും വിവാദത്തിലായി. കായിക വകുപ്പ് സെക്രട്ടറി പ്രണബ് ഗോപിനാഥ്, ഡയറക്ടർ പി.വിഷ്ണുരാജ് എന്നിവർക്കൊപ്പമായിരുന്നു യാത്ര. എന്നാൽ കേരളത്തിലേക്ക് അർജന്റീന ഫുട്ബോൾ അസോസിയേഷനെ ക്ഷണിച്ചതിന് രേഖകളില്ല. 126 കോടി രൂപ കൈമാറിയതിന് 22.68 കോടി സേവന നികുതി അടയ്ക്കണമെന്നാവശ്യപ്പെട്ട് ജിഎസ്ടി വകുപ്പ് സ്പോൺസർക്ക് സമൻസ് അയച്ചിരുന്നു. എഫ്.എഫ്എ പ്രതിനിധിയുമായി കൈമാറിയ കായികമന്ത്രിയുടെ ഓഫീസ് നടത്തിയ ഈ-മെയിലെ കത്ത് മാത്രമാണ് സർക്കാർ കൈവശമുള്ളത്.







