അൽവാർ(രാജസ്ഥാൻ)- അയാൾക്ക് ആരോടും ഒരു ശത്രുതയും ഉണ്ടായിരുന്നില്ല. താടി വെച്ചു, തൊപ്പി ധരിച്ചു എന്നതായിരുന്നു അയാൾ ചെയ്ത ഏക തെറ്റ്. വസ്ത്രധാരണത്തിൽ നിന്ന് ഒരു മുസ്ലീമാണെന്ന് വ്യക്തമായി തിരിച്ചറിഞ്ഞതുകൊണ്ടാണ് അയാൾ കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാജസ്ഥാനിൽ കൊല്ലപ്പെട്ട സാക്കിൻ ഖാന്റെ ഇളയ സഹോദരൻ ഇർഷാദ് ഖാൻ പറയുന്നു.
സെപ്റ്റംബർ 24-ന് രാവിലെയാണ്, രാജസ്ഥാനിലെ അൽവാർ ജില്ലയിലെ ബരാവാസ് ഗ്രാമവാസിയായ 40-കാരൻ സാക്കിൻ ഖാൻ, തന്റെ മോട്ടോർ സൈക്കിളിന് പുതിയ ടയർ വാങ്ങാൻ മാർക്കറ്റിൽ പോയത്. വയലിൽ വിതച്ച വെങ്കായ വിളകൾ നോക്കാൻ ഉടൻ തിരിച്ചെത്തുമെന്നും മകനോട് പറഞ്ഞായിരുന്നു സാക്കിൽ ഖാൻ പോയത്. സാക്കിൽ ഖാൻ പക്ഷെ പിന്നെ തിരികെ വന്നില്ല.
രണ്ട് പെൺമക്കളുടെയും ഒരു ആൺകുട്ടിയുടെയും പിതാവായ സാക്കിൻ മണിക്കൂറുകൾക്ക് ശേഷം കൊല്ലപ്പെട്ടു. ബറോഡ മേവോ പോലീസ് സ്റ്റേഷന് തൊട്ടുവെച്ച് ഒരു വ്യക്തി അയാളുടെ തല കല്ലുകൊണ്ട് ഇടിച്ചുതകർക്കുകയായിരുന്നു. പ്രതിയെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.
“എന്റെ സഹോദരൻ എന്തിനാണ് കൊല്ലപ്പെട്ടതെന്ന് ഞങ്ങൾക്ക് അറിയില്ല. അയാൾക്ക് ആരോടും ശത്രുതയുണ്ടായിരുന്നില്ല. താടി വെച്ചു, തൊപ്പി ധരിച്ചു എന്നതായിരുന്നു അയാൾ ചെയ്ത ഏക തെറ്റ്. വസ്ത്രധാരണത്തിൽ നിന്ന് മുസ്ലീമാണെന്ന് വ്യക്തമായി തിരിച്ചറിഞ്ഞതുകൊണ്ടാണ് അയാൾ കൊല്ലപ്പെട്ടതെന്ന് ഞങ്ങൾ സംശയിക്കുന്നു. പോലീസ് സ്റ്റേഷന് പുറത്തുവെച്ച് ക്രൂരമായി കൊല്ലപ്പെട്ടിട്ടും രക്ഷിക്കാൻ ഒരു പോലീസുകാരൻ പോലും മുന്നോട്ടുവന്നില്ല,” വിതുമ്പലോടെ സാക്കിന്റെ ഇളയ സഹോദരൻ ഇർഷാദ് ഖാൻ പറഞ്ഞു.
തന്റെ ഇരുചക്രവാഹനത്തിന് ടയർ വാങ്ങുന്നതിനായി സാക്കിൻ, ഗ്രാമത്തിലെ മറ്റൊരു വ്യക്തിയോടൊപ്പം അയാളുടെ ബൈക്കിൽ പത്ത് കിലോമീറ്റർ അകലെയുള്ള ബറോഡ മേവോ മാർക്കറ്റിലേക്ക് പോയതായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറയുന്നു.
കൂടെയുണ്ടായിരുന്നയാൾക്ക് ബറോഡ മേവോയിൽ ചില ജോലികളുണ്ടായിരുന്നു, അതിനാൽ എന്റെ മകൻ അയാളെ അവിടെ ഇറക്കി മറ്റ് ചില സാധനങ്ങൾ വാങ്ങാൻ പോയി. ബറോഡ മേവോ പോലീസ് സ്റ്റേഷന്റെ ഗേറ്റിന് തൊട്ടുമുന്നിൽ എത്തിയപ്പോൾ, ഒരാൾ പെട്ടെന്ന് സാക്കിന്റെ തലയിൽ വലിയൊരു കല്ലുകൊണ്ട് അടിച്ചു. എന്റെ മകൻ താഴെ വീഴുകയും കാലുകൾ മോട്ടോർസൈക്കിളിനടിയിൽ കുടുങ്ങുകയും ചെയ്തു. തുടർന്ന് ആ വ്യക്തി കൂർത്ത കല്ലെടുത്ത് സാക്കിന്റെ തല തകരുംവരെ തുടർച്ചയായി ഇടിക്കുകയായിരുന്നു,” സാക്കിന്റെ പിതാവ് നസ്രു ഖാൻ പറഞ്ഞതായി ‘ദി വയർ’ റിപ്പോർട്ട് ചെയ്യുന്നു.
പോലീസിന്റെ വിവരമനുസരിച്ച്, സാക്കിനെ ആദ്യം ബറോഡ മേവോയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലും (CHC) തുടർന്ന് അൽവാറിലെ വലിയ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും അൽവാറിൽ എത്തുന്നതിന് മുമ്പ് തന്നെ മരിച്ചു. പ്രദേശവാസിയായ ഹർഷ് (21) എന്നയാളാണ് കേസിൽ അറസ്റ്റിലായതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സാക്കിന്റെ മരണം വലിയ പ്രതിഷേധത്തിനും ധർണ്ണയ്ക്കും കാരണമായി. കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും പ്രതിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
പ്രതി നേരത്തെ പോലീസ് സ്റ്റേഷന് ഉള്ളിലുണ്ടായിരുന്നുവെന്നാണ് ഞങ്ങളോട് പറഞ്ഞത്. അച്ഛനുമായി വഴക്കിട്ടതിനെ തുടർന്നാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പുറത്തുവിട്ടപ്പോൾ, താൻ ആരെയെങ്കിലും കൊലപ്പെടുത്തുമെന്ന് ഇയാൾ പോലീസിനെ വെല്ലുവിളിച്ചിരുന്നു, എന്നിട്ടും നടപടിയൊന്നും എടുത്തില്ല. പിന്നീട് ഇയാൾ പോലീസ് സ്റ്റേഷന്റെ ഗേറ്റിന് പുറത്തുവെച്ച് സാക്കിനെ കൊലപ്പെടുത്തുകയായിരുന്നു,” മേവോ പഞ്ചായത്ത് അധ്യക്ഷൻ ഷേർ മുഹമ്മദ് മേവോ ആരോപിച്ചു.
എന്നാൽ സാക്കിന്റെ കൊലപാതകം ഒരു വിദ്വേഷ കുറ്റകൃത്യമാണെന്ന വാദം രാജസ്ഥാൻ പോലീസ് തള്ളി. പ്രതി പോലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്നെന്ന ആരോപണത്തെക്കുറിച്ച് അന്വേഷണം നടത്തുകയാണെന്നും പോലീസ് അറിയിച്ചു.
അറസ്റ്റിന് ശേഷം ഹർഷിന്റെ പെരുമാറ്റം അയാൾക്ക് മാനസികാസ്വാസ്ഥ്യമുള്ളതുപോലെ തോന്നിച്ചു. അയാൾ പോലീസിനെ ഭീഷണിപ്പെടുത്തുകയും, പോലീസ് സ്റ്റേഷന് തീയിടുമെന്നും അച്ഛനെ കൊല്ലുമെന്നും ഉറക്കെ നിലവിളിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. എന്നാൽ അയാൾ പറയുന്ന കാര്യങ്ങൾ ഞങ്ങൾ പൂർണ്ണമായി വിശ്വസിക്കുന്നില്ല, വൈദ്യ പരിശോധനയ്ക്ക് ശേഷം മാത്രമേ മാനസികാവസ്ഥയെക്കുറിച്ച് വ്യക്തത വരികയുള്ളൂ. സാക്കിൻ ഖാൻ മുസ്ലീമായതുകൊണ്ടാണ് കൊല്ലപ്പെട്ടതെന്ന വാദം ശരിയല്ല. കുടുംബം നൽകിയ ആദ്യ പരാതിയിലും ഇത് പരാമർശിച്ചിട്ടില്ല- അൽവാർ അഡീഷണൽ എസ്.പി പ്രിയങ്ക രഘുവംശി പറഞ്ഞു. രാജസ്ഥാനിലെ ബി.ജെ.പി സർക്കാരിനെതിരെ രൂക്ഷമായ വിമർശനമുന്നവുമായി കോൺഗ്രസ് രംഗത്തെത്തി. സർക്കാരിന്റെ നെറ്റിയിലെ “കറുത്ത പാടാണ്” ഈ സംഭവമെന്ന് കോൺഗ്രസ് ആരോപിച്ചു.
പോലീസ് സ്റ്റേഷന്റെ പ്രധാന ഗേറ്റിന് മുന്നിൽ പോലീസിന്റെ സാന്നിധ്യത്തിൽ ഒരു യുവാവിനെ കല്ലുകൊണ്ട് അടിച്ചുകൊന്ന സംഭവം രാജസ്ഥാന്റെ ക്രമസമാധാന നിലയുടെ നെറ്റിയിലെ കറുത്ത പാടാണ്. പോലീസ് സ്റ്റേഷനുകൾക്ക് മുന്നിൽ പോലും അവർക്ക് നിയമത്തെ ഭയമില്ലാതായിരിക്കുന്നു- രാജസ്ഥാൻ പ്രതിപക്ഷ നേതാവ് ടീക്കാ റാം ജൂലി പറഞ്ഞു.
പോലീസ് സ്റ്റേഷനുകൾക്ക് പോലും സുരക്ഷയില്ലാത്തപ്പോൾ, സാധാരണക്കാരൻ നീതിക്കും സുരക്ഷയ്ക്കുമായി എവിടെപ്പോകും? രാജസ്ഥാനിൽ നിയമവാഴ്ചയല്ല, കുറ്റവാളികളുടെ ഭരണമാണ് നടക്കുന്നത്. നിയമത്തിന്റെ അന്തസ്സ് ഇല്ലാതായിരിക്കുന്നു, പോലീസ് സംവിധാനം ബി.ജെ.പി നേതാക്കളുടെ ദാസ്യപ്പണിയിലാണ്. ഇത് ക്രമസമാധാനത്തിന്റെ പരാജയം മാത്രമല്ല, സർക്കാരിന്റെയും അൽവാർ പോലീസിന്റെയും നെറ്റിയിലെ കറുത്ത പാടാണ്. നിസ്സഹായരായ സർക്കാരും മുഖ്യമന്ത്രിയും പോലീസുമാണ് രാജസ്ഥാനിലുള്ളത്- ജൂലി കൂട്ടിച്ചേർത്തു.







