കണ്ണൂർ: പോലീസ് അന്വേഷിച്ചുകൊണ്ടിരുന്ന അർജുൻ ആയങ്കി പിടിയിൽ. കണ്ണൂർ നഗരത്തിലെ ഒരു അഭിഭാഷകയുടെ ഫ്ലാറ്റിൽനിന്നാണ് അർജുനെ പൊലീസ് പിടികൂടിയത്. ഉത്തരമേഖലാ ഡിഐജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഫ്ലാറ്റ് വളഞ്ഞ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അർജുൻ ഒളിവിൽ പോകാൻ ഉപയോഗിച്ച കാർ ഇന്നലെ കണ്ണൂർ പനങ്കാവിൽനിന്ന് പോലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അർജുൻ വലയിലായത്. പോലീസിനെക്കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.
കണ്ണൂർ ടൗൺ സ്റ്റേഷനിൽ എത്തിച്ച അർജുനെ ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. കണ്ണൂരിലെ കേസുകളിൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ എറണാകുളത്തേക്ക് മാറ്റിയേക്കും. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിർദേശപ്രകാരമായിരിക്കും തുടർന്നുള്ള നടപടികൾ സ്വീകരിക്കുക. ‘പിടിക്കാമെങ്കിൽ എന്നെ പിടിച്ചോളൂ’ എന്ന് അർജുൻ ആയങ്കി കഴിഞ്ഞ ദിവസം പോലീസിനെ പരസ്യമായി വെല്ലുവിളിച്ചിരുന്നു.







