ന്യൂദൽഹി- ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ വൻ വർധനവ്. അസസ്മെന്റ് ഇയർ (AY) 2025-26 ൽ പ്രതിവർഷം 100 കോടി രൂപയോ അതിൽ കൂടുതലോ വരുമാനം കാണിച്ച വ്യക്തികളുടെ എണ്ണം 576 ആയി ഉയർന്നതായി കേന്ദ്ര ധനകാര്യ മന്ത്രാലയം പാർലമെന്റിൽ പങ്കുവെച്ച കണക്കുകൾ വ്യക്തമാക്കുന്നു. 2024-25 അസസ്മെന്റ് ഇയറിൽ ഇത് 415 ആയിരുന്നു.
രാജ്യത്ത് ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് ഈ വിവരങ്ങൾ പാർലമെന്റിൽ സമർപ്പിച്ചത്. 2021-22 അസസ്മെന്റ് ഇയറിൽ 142 നികുതിദായകർ മാത്രമാണ് 100 കോടി രൂപയോ അതിൽ കൂടുതലോ വാർഷിക വരുമാനം രേഖപ്പെടുത്തിയിരുന്നത്. ഈ കാലയളവിൽ രാജ്യത്തെ ഏറ്റവും ഉയർന്ന വരുമാനമുള്ള നികുതിദായകരുടെ എണ്ണത്തിൽ 300 ശതമാനത്തിലധികം വർധനവാണ് രേഖപ്പെടുത്തിയത്.
ഇന്ത്യയിലെ ധനികരുടെ എണ്ണം വർധിക്കുന്നു
ഉയർന്ന വരുമാനക്കാരുടെ എണ്ണം സ്ഥിരമായി ഉയരുകയാണ്. 2021-22 സാമ്പത്തിക വർഷത്തിൽ 142 ആയിരുന്നത് 2022-23 -ൽ 301 ആയി ഉയരുകയും, തുടർന്ന് 2023-24 -ൽ 284 ആയി നേരിയ തോതിൽ കുറയുകയും ചെയ്തു. എന്നാൽ 2024-25 -ൽ ഇത് 415 ആയി തിരിച്ചുപിടിക്കുകയും 2025-26 ൽ 576 ആയി കുതിച്ചുയരുകയും ചെയ്തു.
ഉയർന്ന വരുമാനക്കാരെ അടയാളപ്പെടുത്താൻ പ്രതിവർഷം 100 കോടി രൂപയോ അതിൽ കൂടുതലോ വരുമാനം കാണിക്കുന്ന നികുതിദായകരുടെ ഇൻകം ടാക്സ് റിട്ടേൺ വിവരങ്ങളാണ് സർക്കാർ മാനദണ്ഡമാക്കിയത്.
ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ ആകെ സ്വത്തിനെക്കുറിച്ചും കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ അതിലുണ്ടായ മാറ്റങ്ങളെക്കുറിച്ചും സർക്കാറിന്റെ പക്കൽ ഡാറ്റയുണ്ടോ എന്ന ചോദ്യത്തിന്, അത്തരം ഔദ്യോഗിക വിവരങ്ങൾ സൂക്ഷിക്കുന്നില്ലെന്ന് മന്ത്രി മറുപടി നൽകി. “1957-ലെ വെൽത്ത് ടാക്സ് ആക്ട് 2016 ഏപ്രിൽ 1 മുതൽ നിർത്തലാക്കിയതിനാൽ നികുതിദായകരുടെ ആകെ സ്വത്ത് സംബന്ധിച്ച വിവരങ്ങൾ സർക്കാർ ശേഖരിക്കുന്നില്ല,” ചൗധരി പറഞ്ഞു.





