മൊറാദാബാദ്: പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമിഫൈനലായി കണക്കാക്കപ്പെടുന്ന നിർണായക സംസ്ഥാനമായ ഉത്തർപ്രദേശിൽ, സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യത്തിന് തയ്യാറാണെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. ചർച്ചകൾ ആരംഭിക്കാനുള്ള സമയമിതാണെന്നും ഒവൈസി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന് സന്ദേശം നൽകി.
“യുപിയിൽ ബി.ജെ.പി വീണ്ടും അധികാരത്തിൽ വരുന്നത് മജ്‌ലിസിന് താല്പര്യമില്ല. കൈകോർക്കാൻ ഞാൻ തയ്യാറാണ്, സഖ്യം രൂപീകരിക്കാനും തയ്യാറാണ്. ഇത് സംസാരിക്കാനുള്ള സമയമാണ്; തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം കരഞ്ഞിട്ട് കാര്യമില്ല,” മൊറാദാബാദിൽ നടന്ന ഒരു പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
എന്നാൽ, ഇതിനെ “വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ കൂട്ടുകെട്ട്” എന്നാണ് ബി.ജെ.പി വിശേഷിപ്പിച്ചത്. ഫയർബ്രാൻഡ് നേതാവും രണ്ട് തവണ മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പിയുടെ കുതിപ്പിനെ ചെറുക്കാൻ പോരാടുന്ന ഉത്തർപ്രദേശിലെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയാണ് സമാജ്‌വാദി പാർട്ടി.
പരസ്പരം എതിരാളികളായി മാറി വോട്ടുകൾ ഭിന്നിപ്പിക്കുന്നതിന് പകരം യാദവുമായി കൈകോർക്കാനാണ് ഒവൈസി തയ്യാറായത്. “ഒവൈസി മത്സരിക്കുന്നത് തങ്ങൾക്ക് തിരിച്ചടിയാകുമെന്ന് നിങ്ങൾ പറയുന്നു. എന്നാൽ നിങ്ങളോടൊപ്പം ചേർന്ന് പോരാടാൻ ഞാൻ തയ്യാറാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു. തങ്ങളുടെ പോരാട്ടം ഒരിക്കലും ഏതെങ്കിലും മതത്തിനെതിരല്ലെന്നും ഒവൈസി ആവർത്തിച്ചു.
“ഞങ്ങളുടെ പോരാട്ടം ഞങ്ങളുടെ ആത്മാഭിമാനത്തിനും നീതിക്കും വേണ്ടിയാണ്. ഞങ്ങൾക്ക് വെറുമൊരു പായയിൽ വന്നിരിക്കാൻ താല്പര്യമില്ല, ഞങ്ങൾക്ക് സമത്വമാണ് വേണ്ടത്. അഖിലേഷ് കസേരയിലാണ് ഇരിക്കുന്നതെങ്കിൽ, ഒവൈസിയും അദ്ദേഹത്തിന് മുന്നിൽ ഒപ്പത്തിനൊപ്പം ഇരുന്ന് അവകാശങ്ങളെക്കുറിച്ചും നീതിയെക്കുറിച്ചും സംസാരിക്കും,” ഉവൈസി പ്രഖ്യാപിച്ചു.
അതേസമയം, സഖ്യ നീക്കത്തെ പരിഹസിച്ച് ബി.ജെ.പി വക്താവ് ഷെഹ്സാദ് പുന്നവാല രംഗത്തെത്തി. “പ്രീണന രാഷ്ട്രീയത്തിൽ അഖിലേഷ് യാദവും ഒവൈസിയും മത്സരത്തിലാണ്. ‘ആരാണ് വലിയ ഭായ്‌ജാൻ’ (ആരാണ് വലിയ പ്രീണനക്കാരൻ) എന്ന മത്സരം മാറ്റിനിർത്തി, ‘ഭായ്‌ജാൻ സഖ്യം’ ഉണ്ടാക്കാമെന്നാണ് അവർ ഇപ്പോൾ പറയുന്നത്. അതിനായി ഒവൈസി അഖിലേഷ് ജിക്ക് ഫ്രണ്ട് റിക്വസ്റ്റ് അയക്കുകയാണ്,” പുന്നവാല പരിഹസിച്ചു. ഒവൈസിയും യാദവും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2027-ലാണ് ഉത്തർപ്രദേശിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത്.




