വടകര: ലഹരിക്കടത്തിനായി അധ്യാപികമാരെ ഇടനിലക്കാരാക്കുന്ന സംഘത്തിലെ രണ്ടാമത്തെ അധ്യാപികയും പോലീസിന്റെ വലയിലായി. വടകര പോലീസ് നടത്തുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പരിശോധനയിലാണ് പേരാമ്പ്ര ബി.ആർ.സിയിലെ അധ്യാപികയും കൂരാച്ചുണ്ട് ചെറുകാട് സ്വദേശിയുമായ കാവ്യയെ പോലീസ് അറസ്റ്റ് ചെയ്തത്.
മൊത്തക്കച്ചവടക്കാരുമായി നേരിട്ട് ബന്ധമുള്ള കാവ്യ, വൻതോതിലുള്ള ലഹരി വ്യാപാരത്തിനാണ് ഇടനില നിന്നതെന്ന് പോലീസ് പറഞ്ഞു.
ഇടപാടുകൾ ഗൂഗിൾ പേ വഴിയും ലൊക്കേഷൻ ഷെയറിങ് വഴിയും
ലഹരി വാങ്ങാനെത്തുന്നവരിൽനിന്ന് കാവ്യയുടെ ബാങ്ക് അക്കൗണ്ട് വഴിയാണ് പണം കൈപ്പറ്റിയിരുന്നത്. പണം അക്കൗണ്ടിൽ എത്തിയെന്നു ഉറപ്പായാൽ, എംഡിഎംഎ സൂക്ഷിച്ചിരിക്കുന്ന സ്ഥലം (ലൊക്കേഷൻ) ഗൂഗിൾ മാപ്പ് വഴി ഇടപാടുകാർക്ക് അയച്ചു നൽകുകയാണ് ഇവരുടെ രീതി. വാങ്ങുന്നവരുമായി നേരിട്ടു ബന്ധപ്പെടാതെയായിരുന്നു ഈ ഇടപാടുകൾ.
ആദ്യ അറസ്റ്റിൽ നിന്ന് ലഭിച്ച സൂചന
കഴിഞ്ഞ ജൂലൈ 11-ന് കേസിൽ ഉൾപ്പെട്ട മറ്റൊരു അധ്യാപികയായ കീർത്തനയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കീർത്തനയെ ചോദ്യം ചെയ്തതിലൂടെയാണ് കാവ്യയ്ക്കും ഇതിൽ പങ്കുണ്ടെന്ന നിർണായക വിവരം പോലീസിന് ലഭിക്കുന്നത്. ലഹരി കേസിൽ ഉൾപ്പെട്ടതിനെ തുടർന്ന് കീർത്തനയെ സമഗ്ര ശിക്ഷാ കേരളം സംസ്ഥാന പ്രോജക്ട് ഡയറക്ടർ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്.
എസ്‌ഐ സി.ഷമീർ, എഎസ്‌ഐമാരായ കെ.കെ.സിജേഷ്, എം.പി.ഷീന, കെ.ഷീബ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ലഹരി വിൽപന ശൃംഖലയിൽ കൂടുതൽ സ്ത്രീകൾ പ്രവർത്തിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് അന്വേഷണം മറ്റ് മേഖലകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.




